സൈലന്റ് ഹീറോ പുരസ്‌കാരം 2024: രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി ഇമാക്

ഏപ്രിൽ 16,17 തീയതികളിലായി കൊച്ചി ലെമെരിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും
സൈലന്റ് ഹീറോ പുരസ്‌കാരം 2024: രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി ഇമാക്

കൊച്ചി: ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് കേരള (ഇമാക്) ഏർപ്പെടുത്തുന്ന അഞ്ചാമത് സൈലന്റ് ഹീറോ പുരസ്‌കാരത്തിനുള്ള രജിസ്‌ട്രേഷൻ മാർച്ച് 31 വരെ നീട്ടി. കേരളത്തിൽ ഇമാക് സംഘടിപ്പിച്ച പരിപാടികളുമായി സഹകരിച്ച വിവിധ പങ്കാളികൾക്കും വ്യാപാരികൾക്കുമാണ് പുരസ്‌കാരത്തിനർഹത. നിസ്തുലമായ സേവനങ്ങളും പരിശ്രമങ്ങളും കാഴ്ചവെച്ചവരെയാണ് വിജയികളായി തിരഞ്ഞെടുക്കുക. ഏപ്രിൽ 16,17 തീയതികളിലായി കൊച്ചി ലെമെരിഡിയനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്തെ ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളുടെയും പ്രൊഫഷണലുകളുടെയും ഇടയിൽ പ്രൗഢിയേറിയ ഒരു അംഗീകാരമായി സൈലന്റ് ഹീറോ പുരസ്‌കാരം മാറിയിട്ടുണ്ട്. ഈ മേഖലയിലെ കഠിനാധ്വാനം, സർഗാത്മകത, പുതുമകൾ ആവിഷ്കരിക്കുന്നതിലെ മികവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.

5 പ്രധാന വിഭാഗങ്ങളിൽ 60 ഉപവിഭാഗങ്ങളിലുമായി സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളാണ് ജേതാക്കൾക്ക് ലഭിക്കുക. ഇവന്റ് ഡികോർ ആൻഡ് പ്രൊഡക്ഷൻ, ടെക്നിക്കൽ സപ്പോർട്ട് ആൻഡ് സൊലൂഷൻസ്, എന്റർടൈൻമെന്റ് ഡിസൈൻ, വെന്യു ആൻഡ് കാറ്ററിങ് സൊല്യൂഷൻസ്, പഴ്സണലൈസ്ഡ് സൊലൂഷ്യൻസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടത്തിയ പരിപാടികൾക്കും വിവാഹങ്ങൾക്കും അപേക്ഷിക്കാം. 2500 രൂപയാണ് പ്രവേശനഫീസ്. താല്പര്യമുള്ളവർക്ക് www.emaksilentheroes.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ 9137404498, 8590454779 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് കൂട്ടായ്മയുടെ നേട്ടങ്ങളെ ആദരിക്കാനുള്ള ഈ അവസരത്തെ ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്ന് ഇമാക് പ്രസിഡന്റ് രാജു കുന്നംപുഴ പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഓരോ പരിപാടിക്കും ആഘോഷത്തിന്റെയും അണിയറയിൽ അത് ഭംഗിയായി നടക്കാൻ പ്രയത്നിക്കുന്ന നിശബ്ദതാരങ്ങളെ കണ്ടെത്തി ആദരിക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.

2009 ജൂലൈ ഒന്നിനാണ് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് കേരള നിലവിൽ വന്നത്. കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളെ ഒരു കൂട്ടായ്മയ്ക്കുള്ളിൽ കൊണ്ടുവരികയും അവരുടെ പ്രതിനിധികളാവുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. ഇവന്റ് ആൻഡ് എന്റർടൈൻമെന്റ് മാനേജ്‌മെന്റ് അസോസിയേഷനാണ് (ഇ.ഇ.എം.എ) ഇമാകിന്റെ അപെക്സ് ബോഡി.

ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട മറ്റ് വ്യവസായങ്ങൾക്കും പരസ്പരം കണ്ടുമുട്ടാനും ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള അവസരമായിരിക്കും ഈ പരിപാടി. ബി-ടു-ബി എക്സ്പോ, നോളജ് സെഷൻസ്, പാനൽ ചർച്ചകൾ, പുരസ്‌കാരങ്ങൾ, കലാപ്രകടനങ്ങൾ എന്നിവയും പരിപാടിയോടനുബന്ധിച്ച് നടക്കും.

Trending

No stories found.

Latest News

No stories found.