
കൊച്ചി: നഗരത്തിലെ ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുള്ള സ്ഥലങ്ങളിൽ ഇനി വാഹനങ്ങൾ ഹോൺ അടിക്കുന്നത് വിലക്കും. നഗരഗതാഗതം സുഗമമാക്കുന്നിതിനുള്ള കാര്യങ്ങൾ ആലോചിക്കാൻ ചേർന്ന പ്രത്യേക ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയാണ് ഈ തീരുമാനം എടുത്തത്.
ഇതിന്‍റെ ഭാഗമായി ആശുപത്രി, സ്കൂൾ, കോളേജ് പരിസരങ്ങളിൽ 'നോ ഹോൺ' ബോര്‍ഡുകൾ സ്ഥാപിക്കുന്ന നടപടിയും വേഗത്തിലാക്കും. ഇവിടങ്ങളിൽ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തും.
അതേസമയം, കൊച്ചി നഗരത്തിലെ അനധികൃത പാർക്കിങും യോഗം വിലയിരുത്തി. അനധികൃത പാർക്കിംങ് തടയും. ഒപ്പം ചിറ്റൂർ റോഡിൽ അടക്കം ബസുകൾ കൃത്യമായി സ്റ്റോപ്പിനടുത്ത് നിർത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ട്രാഫിക് പൊലീസിന് നിർദേശം നൽകുകയും ചെയ്തു. സൗത്ത് ഗവ. ഗേൾസ് സ്കൂൾ മുൻപിൽ ബസുകൾ നിർത്തുന്നത് വൻ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന നിരീക്ഷണത്തിലാണ് നിർദേശം.
നഗരത്തിലെ ഇടറോഡുകളെ ട്രാഫിക് കുരുക്കിൽ നിന്ന് രക്ഷിക്കുന്നതിനുള്ള മാർഗങ്ങളും ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിലയിരുത്തി. ഒപ്പം നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളായ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ഗതാഗതകുരുക്ക് രൂക്ഷമായതിനാൽ പ്രദേശം നേരിടുന്ന പ്രയാസങ്ങൾ സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ പഠിച്ച് റെഗുലേറ്ററി കമ്മറ്റിയിൽ സമർപ്പിക്കും.
ഈ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ കമ്മിറ്റി ഗതാഗത പരിഷ്കാരങ്ങൾ നടത്തും. കൊച്ചി നഗരത്തിലെ ഇടറോഡുകളിലെ കുരുക്ക് ഒഴിവാക്കാൻ പരിഹാരമാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.