മെറ്റലും മണ്ണും കിട്ടാനില്ല; ആറുവരിപ്പാത നിർമാണം ഇഴയുന്നു

മണ്ണെടുപ്പിന് മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ നിയന്ത്രണം. ക്വാറികൾക്ക് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തി.
നിർമാണത്തിലിരിക്കുന്ന ആറുവരിപ്പാത
നിർമാണത്തിലിരിക്കുന്ന ആറുവരിപ്പാത

തിരുവനന്തപുരം: മെറ്റലിനും മണ്ണിനും കടുത്തക്ഷാമം നേരിടുന്നതുമൂലം 45 മീറ്റർ വീതിയിൽ നിർമിക്കുന്ന കഴക്കൂട്ടം-കടമ്പാട്ടുകോണം ആറുവരി ദേശീയപാത 66ന്‍റെ നിർമാണം ഭാഗികമായി സ്തംഭനത്തിൽ. മെറ്റലും മണ്ണും വേണ്ട അളവിൽ ലഭിക്കാത്തതുകാരണം നിർമാണം ഇഴയുകയാണ്.

ദേശീയപാത 66ന്‍റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപ്പാസിന്‍റെ നിർമാണം പൂർണമായും നിലച്ച അവസ്ഥയിലാണ്. ഇവിടേക്ക് മെറ്റലും മണ്ണും എത്തിക്കാൻ കരാറെടുത്ത വ്യക്തിക്ക് അത് നൽകാനാകാത്ത സ്ഥിതിയാണ്. നിർമാണസാമഗ്രികൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നത് വസ്തുതയാണെന്ന് ആർഡിഎസ് പ്രോജക്‌ട് ലിമിറ്റഡിന്‍റെ വക്താവ് പറഞ്ഞു. മണ്ണെടുപ്പിന് മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് നിയന്ത്രണം കൊണ്ടുവന്നതാണ് തിരിച്ചടിയായത്. അതുപോലെ ക്വാറികൾക്ക് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തിയത് മെറ്റൽ ലഭ്യതയെയും ബാധിച്ചു. എന്നാലും പരമാവധി പരിശ്രമിച്ച് ഇവയെല്ലാം ലഭ്യമാക്കാനായി പ്രയത്നിക്കുന്നുണ്ട്. ആറ്റിങ്ങൽ ബൈപ്പാസിലെ സർവീസ് റോഡിന്‍റെ ചില ഭാഗങ്ങളിൽ ടാറിങ് ആരംഭിച്ചതാണ്. അതുപോലെ മംഗലപുരത്തെ സർവീസ് റോഡിൽ ഗ്രാവൽ ഇടാനും ആരംഭിച്ചതാണ്. പള്ളിപ്പുറം, തോന്നയ്ക്കൽ ഭാഗങ്ങളിൽ റോഡ് ഉയർത്താൻ വലിയ അളവിൽ മണ്ണ് ആവശ്യമാണ്.

അതുപോലെ വലിയ അളവിൽ മെറ്റലും ടാറും വേണ്ടിവരും. വാമനപുരം നദിക്ക് കുറുകെയുള്ള പാലത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. തൂണുകൾ പൂർത്തിയായി. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി നീങ്ങിയില്ലെങ്കിൽ 2025ൽ പറഞ്ഞ സമയത്ത് ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.മെറ്റലിന്‍റെയും മണ്ണിന്‍റെയും സുഗമമായ ലഭ്യത ഉറപ്പാക്കാനായി വിവിധ സർക്കാർ-സർക്കാരേതര വകുപ്പുകളുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നതായി ദേശീയപാത അധികൃതർ പറഞ്ഞു.

ഇക്കാര്യത്തിൽ കരാറുകാരന് എല്ലാവിധ പിന്തുണയും നൽകും. എന്നാൽ പറഞ്ഞ സമയത്ത് ജോലി പൂർത്തിയാക്കുക തന്നെ വേണം. അക്കാര്യത്തിൽ മാറ്റം വരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.990 കോടി രൂപയ്ക്കാണ് ഇതിന്‍റെ നിർമാണക്കരാർ ഒപ്പിട്ടിരിക്കുന്നത്. സംസ്ഥാനസർക്കാരും കേന്ദ്രഗതാഗത മന്ത്രാലയവും തമ്മിലുള്ള കരാറനുസരിച്ച് വേണ്ട അനുമതികൾ നൽകി മെറ്റലും മണ്ണും വൈദ്യുതിയും ദേശീയപാത നിർമാണത്തിന് ആവശ്യാനുസരണം ലഭ്യമാക്കേണ്ടതാണ്.

പക്ഷേ സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തുനിന്നും മെല്ലെപ്പോക്കാണ്. ബൈപ്പാസിന് സമീപത്തെ അടിപ്പാതയിലെ എംഎൽഎ പാലത്തിന്‍റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. 29 കിലോമീറ്റർ ദൈർഘ്യവരുന്ന റോഡിൽ നാല് മേൽപ്പാലങ്ങൾ 36 കലുങ്കുകൾ, ആറ് ചെറിയപാലങ്ങൾ, വാഹനങ്ങൾ കടന്നുപോകാനുള്ള മൂന്ന് ചെറുപാലങ്ങൾ, അഞ്ച് അടിപ്പാതകൾ, ആറ് കാർപോലുള്ളവ കടന്നുപോകാനുള്ള അടിപ്പാതകൾ, നാല് ചെറുവാഹനങ്ങൾ കടന്നുപോകാനുള്ള അടിപ്പാതകൾ, കന്നുകാലികളെ കൊണ്ടുപോകാനുള്ള മൂന്ന് അടിപ്പാതകൾ എന്നിവ ഉണ്ട്. ആറ്റിങ്ങൽ ബൈപ്പാസ് ഉൾപ്പെടുന്ന 11.15 കിലോമീറ്ററിൽ 20 ബസ് ബേകൾ, അഞ്ചടി മേൽപ്പാലം എന്നിവയും ഉണ്ട്.ഈ ആറുവരിപ്പാത പൂർത്തിയായാൽ രണ്ടു മണിക്കൂറോളം എടുക്കുന്ന തിരുവനന്തപുരം കൊല്ലം യാത്രയിൽ അരമണിക്കൂറെങ്കിലും കുറഞ്ഞ ലാഭിക്കാമെന്നാണ് കരുതുന്നത്.

മാമം ജംക്‌ഷനിൽ നിന്നാരംഭിക്കുന്ന ബൈപ്പാസ് പൂർത്തിയായാൽ കഴക്കൂട്ടത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് ആറ്റിങ്ങൽ ടൗണിൽ കയറാതെ നേരിട്ട് യാത്ര ചെയ്യാനാകും. ഇത് വലിയൊരളവിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്യും. ഈ ബൈപ്പാസ് അവസാനിക്കുന്നത് കല്ലമ്പലത്തിനടുത്ത് ആയംകോണത്താണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com