വൈറ്റിലയിൽ കുരുക്കഴിയും; ഇനി സിഗ്നൽ ഇല്ലാത്ത ജംഗ്ഷൻ
കൊച്ചി: കൊച്ചിക്കാർക്ക് ആശ്വാസമായി വൈറ്റില ജംഗ്ഷന്‍റെ പുനർവികസന പദ്ധതി അവസാന ഘട്ടത്തിലേക്ക്. കേരള റോഡ് സേഫ്റ്റി അഥോറിറ്റിയുടെ നേതൃത്വത്തിൽ 1.5 കോടി രൂപ ചെലവഴിച്ചുള്ള നിർമാണ ജോലികളുടെ 80 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്‍റെ ഭാഗമായി വൈറ്റിലയെ സിഗ്നൽ രഹിത ജംഗ്ഷനാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
പദ്ധതിയുടെ ഭാഗമായി ജംഗ്ഷനിലെ മീഡിയനുകളും ഫ്ലൈഓവറിന് താഴെയുള്ള റൗണ്ട്എബൗട്ടിന്‍റെ ഭാഗങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്. ഏതാനും മീഡിയനുകൾ കൂടി പൊളിക്കുന്ന ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് റോഡിലൂടെ വാഹനങ്ങൾ പൂർണമായി തിരിച്ചുവിടും. നിലവിൽ പണികൾ പൂർത്തിയായ ഭാഗങ്ങൾ ഘട്ടംഘട്ടമായി ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നുണ്ട്.
യാത്രക്കാരുടെ സൗകര്യാർഥം ജംഗ്ഷന്‍റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഒരേസമയം നാല് ബസുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന പ്രത്യേക ബസ് ബേയും ഒരുക്കും. അരൂർ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്ക് എസ്എ റോഡിലേക്ക് തടസമില്ലാതെ ഫ്രീ-ലെഫ്റ്റ് തിരിയാൻ സൗകര്യമൊരുക്കുന്നതിനായി ബെൽമൗത്ത് ഭാഗത്തെ കൈയേറ്റങ്ങൾ കൊച്ചി കോർപ്പറേഷൻ ഉടൻ നീക്കം ചെയ്യും.
വൈദ്യുതി കേബിളുകളും ട്രാഫിക് സിഗ്നൽ പോസ്റ്റുകളും മാറ്റിസ്ഥാപിക്കുന്നതിലുണ്ടായ കാലതാമസമാണ് പണികൾ വൈകാൻ കാരണമെന്ന് തൃക്കാക്കര എംഎൽഎ ഉമ തോമസ് വ്യക്തമാക്കി.
കണിയാമ്പുഴ റോഡിൽ വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് പോകുന്ന ഭാഗത്ത് പേവർ ബ്ലോക്കുകൾ പാകുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മഴ കാരണം ഈ പണികൾക്ക് ചെറിയ തടസങ്ങൾ നേരിട്ടിരുന്നു. കെൽട്രോണിന്‍റെ നേതൃത്വത്തിലാണ് സിഗ്നൽ പോസ്റ്റുകൾ പുതിയ സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ വൈറ്റിലയിലെ ഗതാഗതം കൂടുതൽ സുഗമമാകും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
