ഐഎസ്എല്ലിന്‍റെ മറവിൽ സ്റ്റേഡിയം റോഡ് കെട്ടിയടയ്ക്കുന്നു

സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പൊതുജനത്തിന്‍റെ സഞ്ചാര സ്വാതന്ത്യ്രം നിഷേധിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാൻ ചില സംഘടനകൾ തയാറെടുക്കുന്നു
Jawaharlal Nehru Stadium, Kochi
Jawaharlal Nehru Stadium, Kochi

കൊച്ചി: ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ രാവിലെ മുതൽ കലൂർ സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡ് കെട്ടിയടക്കുന്നതിൽ വ്യാപക പ്രതിഷേധം. സ്റ്റേഡിയത്തിലേക്കോ സ്റ്റേഡിയത്തിനു ചുറ്റുമുള്ള റോഡിലേക്കോ ആരെയും കടത്തി വിടാതെ ബാരിക്കേഡ് വച്ച് കെട്ടിയടക്കുന്നതിൽ ശക്തമായ പ്രതിഷേധത്തിലാണ് ജനങ്ങൾ.

സെക്യൂരിറ്റി ചുമതലയുള്ള സ്വകാര്യ ഏജൻസി ജീവനക്കാർ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും ആരോപണമുണ്ട്. രാത്രി 8 മണിക്കാണ് ഐഎസ് എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് സ്റ്റേഡിയത്തിലേക്ക് കാണികളെ കടത്തി വിടുന്നത്. പക്ഷെ ഇതിനായി രാവിലെ 7 മണി മുതൽ തന്നെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത് എന്തിനാണെന്ന് തദ്ദേശവാസികൾ ചോദിക്കുന്നു.

സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പൊതുജനത്തിന്‍റെ സഞ്ചാര സ്വാതന്ത്യ്രം നിഷേധിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനും ചില സംഘടനകൾ തയാറെടുക്കുന്നുണ്ട്. സ്റ്റേഡിയത്തിലെ വ്യാപാരികളും ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാരും കടുത്ത പ്രതിഷേധത്തിലാണ്. ഇരുചക്ര വാഹനയാത്രക്കാരെയും കാൽനട യാത്രക്കാരെയും വരെ സുരക്ഷയുടെ പേരിൽ തടയുകയാണ്. ഇതുവഴി വരുന്ന സ്‌കൂൾ ബസുകളെ പോലും ഇവർ തടയുന്നുണ്ട്. രാവിലെ മുതൽ സ്റ്റേഡിയത്തിനു ചുറ്റിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തി ബാരിക്കേഡ് സ്ഥാപിക്കും. ചോദ്യം ചെയ്യുന്നവരെ സുരക്ഷാ ജീവനക്കാർ ഭീഷണിപ്പെടുത്തും. പൊലീസ് സംവിധാനങ്ങളെയും സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ അധികൃതരെയും നോക്കുകുത്തിയാക്കിയാണ് ഇവരുടെ അഴിഞ്ഞാട്ടം.

ജനസേവന കേന്ദ്രവും ഐ ടി സ്ഥാപനങ്ങളും നിരവധി ഹോട്ടലുകളും സ്റ്റേഡിയം കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. തമ്മനം, കതൃക്കടവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എളുപ്പവഴിയായി സ്റ്റേഡിയം ലിങ്ക് റോഡാണ് ഉപയോഗിക്കുന്നത്. ഈ ഭാഗങ്ങളിൽ നിന്നുള്ളവർ പാലാരിവട്ടം ഭാഗത്തേക്കും കലൂർ ഭാഗത്തേക്കും പോകാനുള്ള എളുപ്പവഴിയായും ഈ റോഡ് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഐഎംഎ ഹൗസ് അടക്കം നിരവധി പ്രധാന സ്ഥാപനങ്ങളും ഒരു ഡസനോളം ഫ്‌ളാറ്റുകളും സ്റ്റേഡിയം ലിങ്ക് റോഡിൽ പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി ബോർഡ് ഓഫീസും സ്റ്റേഡിയം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ സഞ്ചാരം പോലും തടസ്സപ്പെടുത്തിയാണ് ബാരിക്കേഡ് സ്ഥാപിക്കുന്നത്. പലതവണ ഇതിന്‍റെ പേരിൽ ജനങ്ങളും സുരക്ഷാ ജീവനക്കാരുമായി വാക്കേറ്റവും സംഘർഷവും ഉണ്ടായിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള വഴി ഇങ്ങനെ കെട്ടിയടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് റെസിഡൻസ് അസോസിയേഷനുകളും ഫ്‌ളാറ്റ് ഉടമ സംഘടനകളും. പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com