തൃശൂരിൽ കിടപ്പു രോഗിയായ 84 കാരിയെ തെരുവുനായ കടിച്ചുകൊന്നു

മാനസികാസ്വാസ്ഥ്യമുള്ള ഇവരുടെ മകനും തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്
stray dog killed 84 years old paralyzed women in thrissur

കാര്‍ത്ത്യായനി

Updated on

തൃശൂർ: വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ കിടപ്പു രോഗിയായ 84കാരിയെ തെരുവുനായ കടിച്ചുകൊന്നു. കിഴക്കേപുരയ്ക്കല്‍ കാര്‍ത്ത്യായനി (84) ആണ് മരിച്ചത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകൻ ദേവദാസനും (60) നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കട്ടിലില്‍ കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്.

രണ്ട് വര്‍ഷം മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്ന് കാര്‍ത്ത്യായനി കിടപ്പിലായിരുന്നു. ദേവദാസ് മനസികാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ച് കിടപ്പിലായിരുന്നു. 6.30ഓടെ സമീപത്തുള്ള ഇവരുടെ മകന്‍ മണി ഭക്ഷണം കൊടുക്കാന്‍ ചെന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഇരുവരെയും മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കാർത്ത്യായനി മരിച്ചിരുന്നു.

തെരുവു നായ വേറെ ആളുകളെയും വളർത്തു നായ്ക്കളെയും കടിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. നായയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

logo
Metro Vaartha
www.metrovaartha.com