
ഇടുക്കിയിൽ സഹപാഠികൾക്കും രക്ഷിതാക്കൾക്കും നേരെ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം
ഇടുക്കി: ബൈസൺവാലി സർക്കാർ സ്കൂളിൽ സഹപാഠികൾക്കും രക്ഷിതാക്കൾക്കും നേരെ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ പ്രയോഗം. വിദ്യാർഥിക്ക് സഹപാഠിയുമായുണ്ടായ സൗഹൃദം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാക്കൾ തമ്മിലുളള തർക്കമാണ് പെപ്പർ സ്പ്രേ പ്രയോഗത്തിൽ എത്തിച്ചത്.
വെളളിയാഴ്ച രാവിലെ ബെസൺവാലി സർക്കാർ സ്കൂളിന് പുറത്തുളള ബസ് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. ഇരുവരും തമ്മിലുളള തർക്കത്തിനിടെ വിദ്യാർഥി കൈയിൽ സൂക്ഷിച്ചിരുന്ന പെപ്പർ സ്പ്രേ രക്ഷിതാക്കൾക്കു നേരെ പ്രയോഗിക്കുകയായിരുന്നു. ഇതിനിടെയാണ് അടുത്തുണ്ടായിരുന്ന മറ്റ് കുട്ടികളുടെ മുഖത്തും പെപ്പർ സ്പ്രേ പതിച്ചത്.
സ്‌പ്രേ പതിച്ചതിനു പിന്നാലെ ഛര്‍ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ഉടന്‍ തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് അഞ്ചു വിദ്യാര്‍ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടാതെ മകളുമായുളള സൗഹൃദം ചോദ്യം ചെയ്യാനെത്തിയ പിതാവ് മർദിച്ചതായുളള ആരോപണമുണ്ട്. സംഭവത്തിൽ രാജാക്കാട് പൊലീസ് കേസെടുത്തും. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മേല്‍നടപടികളിലേക്ക് കടക്കുമെന്നാണ് രാജാക്കാട് പൊലീസ് നല്‍കുന്ന വിവരം.