

മിച്ചി മർപു
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനിയറിങ് കോളെജ് വിദ്യാർഥിയായ അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മർപുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളെജ് ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക് ചെയർമാനും പ്രൊഫ. എസി എം. കൊറ്റാലിൽ, ഡോ. ബെന്നി അലക്സാണ്ടർ എന്നിവർ അംഗങ്ങളുമായ കമ്മിഷനാണ് തെളിവെടുപ്പ് നടത്തുന്നത്.
ബുധനാഴ്ച വൈകിട്ട് അഞ്ച് വിദ്യാർഥികളിൽ നിന്നും കമ്മിഷൻ തെളിവെടുപ്പ് നടത്തി. എത്ര പേർക്ക് വേണമെങ്കിലും കമ്മിഷൻ മുൻപാകെ വിവരങ്ങൾ നൽകാം. വിശദ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം മാനേജ്‌മെന്‍റിന് നൽകും. തുടർന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കും. ചൊവ്വാഴ്ച വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് വിദ്യാർഥികളും മാനേജ്മെന്‍റ് പ്രതിനിധികളുമായി നടന്ന ചർച്ചയെ തുടർന്നാണ് അന്വേഷണ കമ്മിഷൻ രൂപവത്കരിച്ചത്.
മിച്ചി മർപുവിന്‍റെ സംസ്കാരം ബുധനാഴ്ച ജന്മനാട്ടിൽ നടത്തി. കോളെജ് ഓഡിറ്റോറിയത്തിൽ വ്യാഴാഴ്ച രാവിലെ അനുശോചനയോഗം നടന്നു. പ്രതിഷേധത്തെ തുടർന്ന് മുടങ്ങിയ ക്ലാസുകൾ പുനരാരംഭിച്ചു.
അതേസമയം ക്രെഡിറ്റ് സംബന്ധിച്ച കെടിയു നിബന്ധനയാണ് കോളെജ് നടപ്പാക്കിയതെന്ന് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് പറഞ്ഞു. വിദേശപഠനത്തിനും മറ്റുമായി വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്നതിനായാണ് ക്രെഡിറ്റ് സ്കോർ 22 ആയി നിശ്ചയിച്ചത്. ഇത് അക്കാദമിക് കൗൺസിൽ അംഗീകരിച്ചതാണ്. ഇപ്രകാരം ക്രെഡിറ്റ് നേടുവാൻ വിദ്യാർഥികൾക്ക് മൂന്ന് അവസരം ലഭിക്കും. നിലവിൽ 720 വിദ്യാർഥികളിൽ 20 പേർക്ക് മാത്രമാണു മിനിമം ക്രെഡിറ്റ് നേടാനാകാത്തത്. കെടിയുവിലോ മറ്റു കലാലയങ്ങളിലോ ഇല്ലാത്ത 'സേ' പരീക്ഷ ആശയം വിദ്യാർഥികളുടെ നന്മയെ കരുതിയാണ് നടപ്പാക്കിയത്.
സപ്ലിമെന്‍ററി പരീക്ഷയ്ക്കു വേണ്ടി ഒരു വർഷം കാത്തിരിക്കാതെ അടുത്ത സെമസ്റ്ററിന് മുൻപ് പരീക്ഷയെഴുതി വിദ്യാർഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കുകയാണു ലക്ഷ്യം. ഇക്കാര്യങ്ങളിൽ വാസ്തവവിരുദ്ധമായ വാർത്തകളാണ് ദൃശ്യ, സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നതെന്നും ഡോ. ബോസ് മാത്യു ജോസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.