ജിജോ അബ്രഹാം സൂര്യകാന്തി കൃഷിചെയ്ത പാടത്ത്.
ജിജോ അബ്രഹാം സൂര്യകാന്തി കൃഷിചെയ്ത പാടത്ത്.

കാഴ്ചയുടെ വസന്തം തീര്‍ത്ത് സൂര്യകാന്തിപ്പൂക്കാലം

പ്രകൃതിയുടെ വർണ്ണപ്പകിട്ടിൽ കളമ്പൂർ അന്തിക്കാട് പാടശേഖരത്ത് സൂര്യകാന്തി വിസ്മയം

പ്രിന്‍സ് ഡാലിയ

പിറവം: കളമ്പൂര്‍ അന്തിക്കാട് പാടശേഖരത്താണ് കാഴ്ചയുടെ വസന്തം തീര്‍ത്ത് സൂര്യകാന്തി പൂത്തുലയുന്നത്... മഞ്ഞപ്പട്ടിന്‍റെ ഭംഗിവിതറി കിഴക്കു നോക്കി സൂര്യകാന്തി വിരിഞ്ഞതോടെ തേന്‍ നുകരാന്‍ വണ്ടുകളും സെല്‍ഫി എടുക്കാന്‍ സ്ത്രകളും കുട്ടികളുമടക്കം നിരവധി പേരാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകി എത്തുന്നത്. പിറവം സ്വദേശി മങ്കിടിയില്‍ ജിജോ അബ്രാഹാമാണ് പരീക്ഷണാടിസ്ഥാനത്തില്‍ 40 സെന്‍റില്‍ സൂര്യകാന്തി കൃഷിഇറക്കി വിളയിച്ചെടുത്തിരിക്കുന്നത്.

തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തും മസിനഗുഡിയിലും മാത്രം കണ്ടിരുന്ന സൂര്യകാന്തിപ്പാടത്തിന്‍റെ മനോഹാരിത കളമ്പൂരിലെ തന്‍റെ കൃഷിയിടത്തില്‍ ജിജോ ഒരുക്കിയത് ലാഭമുണ്ടാക്കാനല്ല. സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞ പാടം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കാണാന്‍ അവസരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

സൂര്യകാന്തിപ്പാടം കാണാനും ഫോട്ടോ എടുക്കാനും ഇവിടെക്കത്തുന്നവരുടെയെല്ലാം മുഖത്ത് വിരിയുന്നത് മറ്റൊരു സൂര്യകാന്തിപ്പാടമാണെന്നു ജിജോ പറയുന്നു.

നെല്‍കൃഷിയും കാര്‍ഷിക വിളകളും മലയാളിക്ക് അന്യമാകുന്ന ഈ കാലഘട്ടത്തില്‍ ഇവ രണ്ടും ഒരേ പോലെ സമന്വയിപ്പിച്ച് കാഴ്ചക്കാര്‍ക്ക് നല്ല ഒരു ദൃശ്യവിരുന്ന് സമ്മാനിക്കുകയാണ് ജിജോ എബ്രാഹം എന്ന യുവകര്‍ഷകന്‍. പിറവം നഗരസഭാ 20-ാം ഡിവിഷനിലെ കളമ്പൂരില്‍ അന്തിക്കാട് കവലയ്ക്ക് സമീപ മുള്ള പാടശേഖരത്താണ് സൂര്യകാന്തിയും നെല്ലും വിളഞ്ഞു നില്‍ക്കുന്ന ഈ മനോഹര ദൃശ്യം.

അവധി ദിവസങ്ങളില്‍ ഫോട്ടോ എടുക്കാനും റീല്‍സ് ചെയ്യാനുമായി സന്ദര്‍ശകരുടെ വലിയ തിരക്കാണ് ഇപ്പോള്‍ ഇവിടെ. സൂര്യകാന്തിക്ക് പുറമെ ചെണ്ടുമല്ലിയും താമരയും കൃഷി ചെയ്തിട്ടുണ്ട്. കമ്പത്തു നിന്നാണ് സൂര്യകാന്തി വിത്ത് എത്തിച്ചത്. തവളക്കണ്ണന്‍, മാപ്പിളചെമ്പ, രക്തശാലി, ജീരകശാല, കൊടുകണ്ണി, കുറുവ, ചെമ്പാവ്, കറിനെല്ല്, മുണ്ടോന്‍, ഞാവര, ബസുമതി, ആന്ധ്രാബ്ലാക്ക് ന്യൂ ജെന്‍ ഇനങ്ങളായ - അയ്യാര്‍ 5, അയ്യാര്‍ 8, അയ്യാര്‍ 20, ഉമാ, അരീക്കലാഴി, തുടങ്ങി 42 ല്‍ പരം നെല്ലിനങ്ങളാണ് 35 ഏക്കറില്‍ കൃഷി ഇറക്കിയിട്ടുള്ളത്. കൂടാതെ തണ്ണി മത്തന്‍, ചീര, കുക്കുംബര്‍, വെള്ളിരിക്ക, വാഴ, കപ്പ എന്നിവ അടങ്ങുന്ന വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.