കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: 3 പേർ അറസ്റ്റിൽ

ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് യഥാർഥ പ്രതികളിലേക്കുള്ള വഴി തുറന്നത്.
യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ പ്രതികൾ പിടിയിൽ

അറസ്റ്റിലായ അമൽ ഫ്രാൻസിസ്, ആരോമൽ, നിധിൻ.

Updated on

കൊടുങ്ങല്ലൂർ: ജനനേന്ദ്രിയത്തിനും കണ്ണിനും ഗുരുതര പരുക്കേറ്റ നിലയില്‍ കൊലക്കേസ് പ്രതിയെ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എറണാകുളം കൂനമ്മാവിൽ പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന ഇലാഞ്ചലാശ്രമം സ്ഥാപനത്തിന്‍റെ ഉടമയായ ബ്രദർ അമൽ എന്നറിയപ്പെടുന്ന എറണാകുളം കൂനമ്മാവ് സ്വദേശി ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് (65), ഇയാളുടെ വളർത്തു മകൻ ആരോമൽ (23), കോട്ടക്കൽ വീട്ടിൽ നിധിൻ (35) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്രതികളുടെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ അരൂർ സ്വദേശി സുദർശൻ (42) ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇയാൾ തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞു വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആയുധമുപയോഗിച്ച് ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിനാണ് കൊടുങ്ങല്ലൂർ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിന്ന് ഇയാളുടെ പരുക്കുകൾ ഗുരുതരമാണെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് കൊലപാതകശ്രമത്തിനുള്ള വകുപ്പു കൂടി കൂട്ടിച്ചേർത്തത്.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പത്തു കൊല്ലം മുൻപ് ആലപ്പുഴ തുറവൂരിൽ മുനീര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദര്‍ശനൻ. ഇതിന്‍റെ പ്രതികാരം നടപ്പാക്കിയതാണോ എന്ന സംശയം കേസിന്‍റെ തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് യഥാർഥ പ്രതികളിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ 22നാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപത്ത് വഴിയരികിൽ പൂർണ നഗ്നനായി സുദർശനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ജനനേന്ദ്രിയത്തിന് ചതവ് സംഭവിക്കുകയും ശരീരത്തിൽ കുത്തേറ്റ പാടുമുണ്ടായിരുന്നു. ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലുമായിരുന്നു. ഈ കണ്ണിന്‍റെ കാഴ്ച നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും മാറ്റുകായയിരുന്നു.

18ന് പുലർച്ചെയോടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വെദ്യപരിശോധന നടത്തിയതിന് ശേഷം ഇയാളെ കൂനമ്മാവിലുള്ള ഇലാഞ്ചലാശ്രമത്തിലെത്തിക്കുകയായിരുന്നു.

ആശ്രമത്തിൽ കഴിയുന്നതിനിടെയുണ്ടായ ആക്രമണത്തെ തുടർന്നാണ് സുദർശനന് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ ആശ്രമ ഉടമ അമൽ ഫ്രാൻസിസിന്‍റെ നിർദേശപ്രകാരം ആരോമൽ, നിധിൻ എന്നിവരും മറ്റും ചേർന്ന് സ്ഥാപനത്തിന്‍റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപം എത്തിച്ച് വഴിയരികൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

തൃശൂർ റൂറൽ പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ കൂനമ്മാവ് ആശ്രമത്തിലെ വാഹനം ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്. സുദർശനന് ഗുരുതരമായി പരുക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പൊലീസ് നടത്തുകയാണ്.

സംഭവം നടന്നത് എറണാംകുളം വരാപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്ക് ശേഷം കേസ് ഇവിടേക്ക് കൈമാറും. സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ പ്രതികൾ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സൂചനയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com