
25 വീടുകളുടെ സമർപ്പണവും 6 വീടുകളുടെ താക്കോൽദാന ചടങ്ങും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റി 18-ാം വാർഡിൽ വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും, വാസയോഗ്യമായ വീടില്ലാത്തവർക്കും ഭവനങ്ങൾ നിർമിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ വാർഡ് കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ 25 വീടുകളുടെ സമർപ്പണവും 6 വീടുകളുടെ താക്കോൽദാനവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിച്ചു.
ചലച്ചിത്രതാരം സിദ്ദിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. കോതമംഗലം രൂപതാ അധ്യക്ഷൻ റ്റെറ്റ് റവ. ഡോ. ജോർജ് മഠത്തിക്കണ്ടത്തിൽ, അഭിവന്ദ്യ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവർ ആശീർവദിച്ച് അനുഗ്രഹപ്രഭാഷണം നടത്തി. കോതമംഗലം എംഎൽഎ ആന്‍റണി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, റോജി എം. ജോൺ എംഎൽഎ, ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, എൽദോസ് കുന്നപ്പള്ളി എംഎൽഎ, മുൻമന്ത്രി റ്റി.യു. കുരുവിള, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മുത്തേടൻ, എ.ജി ജോർജ്, ഷിബു തെക്കുംപുറം, ഷമീർ പനക്കൽ, ബാബു ഏലിയാസ്, റ്റി.ഡി. ശ്രീകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പിഎംഎവൈ, കോതമംഗലം ലയൺസ് ക്ലബ്ബ്, ഇപിപി ചാരിറ്റബിൾ ട്രസ്റ്റ്, ബേസിൽ കൊറ്റാഞ്ചേരിൽ, കെ.എം. യൂസഫ്, രാജേഷ് മാത്യു, ജേക്കബ് സി. ജേക്കബ്, ജോർജ് പെരിങ്ങാട്ടുപറമ്പിൽ, പി.ഒ. പൗലോസ്, മൈതീൻ ഇഞ്ചക്കുടി തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. കേരളത്തിൽ ആദ്യമായാണ് ഒരു മുനിസിപ്പൽ കൗൺസിലറുടെ നേതൃത്വത്തിൽ സാധാരണക്കാർക്ക് വേണ്ടി ഇത്തരത്തിലുളള ഒരു പദ്ധതി പൂർത്തിയാക്കിയിട്ടുള്ളതെന്നും രാഷ്ട്രീയ സാമൂഹിക സാമുദായിക മേഖലകളിൽ പ്രവർത്തിക്കുന്നവർ ഇതൊരു മാതൃക ആക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
25 കുടുംബങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് പൂവണിഞ്ഞതെന്നും സതീശൻ കൂട്ടിച്ചേർത്തു. 100 വീടുകൾ നിർമിക്കുക എന്ന ലക്ഷ്യവുമായാണ് മുൻപോട്ട് പോകുന്നത് എന്നും താമസിയാതെ തന്നെ പുതിയ 5 വീടുകളുടെ തറക്കല്ലിടുമെന്നും വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് പറഞ്ഞു.