
കോട്ടയം: കുമരകത്ത് ഇരുമ്പ് വ്യാപാര സ്ഥാപനത്തിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം. കുമരകം അപ്സരക്ക് സമീപം ഇരുമ്പ് കട നടത്തുന്ന കുമരകം അമ്മങ്കരി പുത്തൻപറമ്പിൽ തമ്പാന്‍റെ ഭാര്യ ഗീതമ്മ (60) യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നത്. ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.
ഇവിടെ ബൈക്കിൽ എത്തിയ യുവാവ് കടയ്ക്കുള്ളിൽ കയറിയ ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവർ പ്രതിരോധിച്ച് നിന്നതോടെ പ്രതി വീട്ടമ്മയുടെ മുഖത്ത് ഇടിച്ചു. മൂക്കിന് പരുക്കേറ്റുവീണ വീട്ടമ്മ ബഹളം വച്ചതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി പരുക്കേറ്റ ഗീതമ്മയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമരകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.