തേവര-കുണ്ടന്നൂർ പാലം വീണ്ടും അടച്ചിടും

അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ - തേവര പാലം വീണ്ടും അടച്ചിടാനൊരുങ്ങുന്നു

കൊച്ചി: അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ - തേവര പാലം വീണ്ടും അടച്ചിടാനൊരുങ്ങുന്നു. പാലം ഉൾപ്പെടുന്ന റോഡിലെ ടാർ മുഴുവൻ പൊളിച്ച് നവീകരിക്കാനാണ് തീരുമാനം. ഓണാവധിക്കുശേഷം പ്രവൃത്തി ആരംഭിക്കുമെന്ന് സർക്കാരും കരാറുകാരനും നേരത്തേ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു.

കേരളത്തിലെ നീളം കൂടിയ പാലങ്ങളിലൊന്നാണ് കൊച്ചിയിലെ തേവര - കുണ്ടന്നൂർ പാലം. അത്ര തന്നെ നീളമുണ്ട് ഈ പാലത്തിലെ പണിയുടെ ചരിത്രത്തിനും. കഴിഞ്ഞ ആറു മാസത്തിനിടെ ഈ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയത് നിരവധി തവണയാണ്. പണിപൂർത്തിയാക്കിയാലും ടാറിളകി വരുന്നതും പാലത്തിൽ കുഴികൾ രൂപപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.

നിലവിൽ 5.92 കിലോമീറ്റർ നീളത്തിൽ പണി നടത്താനാണ് നീക്കം. ഈ ദൂരത്തിൽ രണ്ടു പാലങ്ങളാണ് ഉള്ളത്. മുഴുവൻ ടാറും ഇളക്കി മാറ്റിയതിനു ശേഷമേ അറ്റക്കുറ്റപ്പണി സാധ്യമാകൂ. അതേസമയം, റോഡിന്‍റെ ഇരുവശങ്ങളിലും വീതി കൂട്ടൽ പ്രവൃത്തി ആരംഭിച്ചെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. മഴ തടസം സൃഷ്ടിച്ചതോടെയാണ് പണി താത്കാലികമായി നിർത്തിയത്.

പാലങ്ങളിൽ ബിഎംബിസി സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറിങ് നടത്തും. ഒരു മാസത്തേക്കെങ്കിലും അടച്ചിടേണ്ടി വരുമെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. നിലവിൽ വാട്ടർ മെട്രോ നിർമാണത്തിന്‍റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന ചിലവന്നൂർ ബണ്ട് റോഡ് ബദൽ ഗതാഗത മാർഗമെന്നോണം തുറന്നു നൽകും. ഇതിനു രണ്ടാഴ്ചയോളം കാലതാമസം ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com