തിരുനക്കര ഉത്സവം 15ന് കൊടിയേറും; 23ന് തിരുനക്കര പൂരം

22 ഗജവീരന്മാർ പൂരത്തിൽ അണിനിരക്കും.
thirunakkara ulsavam

തിരുനക്കര ഉത്സവം 15ന് കൊടിയേറും; 23ന് തിരുനക്കര പൂരം

Updated on

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 15ന് കൊടിയേറി 24ന് ആറോട്ടുകൂടി സമാപിക്കും. 22ന് വലിയവിളക്ക് ദേശവിളക്കായി ആഘോഷിക്കും. 23ന് പള്ളിവേട്ട ദിവസമാണ് പ്രസിദ്ധമായ തിരുനക്കര പൂരം. ക്ഷേത്രകലകൾക്കും ക്ഷേത്രത്തിനകത്തെ ഉത്സവ ആചാര അനുഷ്‌ഠാന ചടങ്ങുകൾക്കും പ്രാധാന്യം നൽകിയും ദക്ഷിണേന്ത്യയിലെ മികച്ച വിവിധ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികളുമാണ് ഈ വർഷത്തെ ഉത്സവത്തിന് ക്ഷേത്രോപദേശക സമിതി ക്രമീകരിച്ചിട്ടുള്ളത്.

15ന് വൈകിട്ട് 7ന് തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറും. 8ന് ദേവസ്വം ബോർഡ് അംഗം അഡ്വ. കെ. രാജുവിന്റെ അധ്യക്ഷതയിൽ ഉദ്ഘാടന സമ്മേളനം ദേവസ്വം -സഹകരണം - തുറമുഖം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

ദേശീയ- സംസ്ഥാന പുരസ്കാരം നേടിയ സിനിമാ താരം വിജയരാഘവൻ, ഹരിവരാസനം പുരസ്‌കാരം ലഭിച്ച തിരുവിഴ ജയശങ്കർ എന്നിവരെ ആദരിക്കും. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം വിജയരാഘവൻ നിർവഹിക്കും. ഉത്സവ ത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ പ്രകാശനം നഗരസഭ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ നിർവഹിക്കും. 22ന് വൈകിട്ട് 6ന് വലിയവിളക്ക് ദേശവിളക്കിന് കവടിയാർ കൊട്ടാരം പൂയം തിരുനാൾ റാണി ഗൗരി പാർവതീ ഭായി ഭദ്രദീപം തെളിയിക്കും.

ഒമ്പതാം ഉത്സവദിനമായ 23നാണ് പ്രസിദ്ധമായ തിരുനക്കര പൂരം. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളത്തിന്‍റെ പെരുക്കത്തിൽ 22 ഗജവീരന്മാർ പൂരത്തിൽ അണിനിരക്കും. രാവിലെ 9ന് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾക്ക് വരവേൽപ് നൽകും. വൈകിട്ട് 4ന് പൂരത്തിന് താഴമൺമഠം തന്ത്രി കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി. സന്തോഷ്കുമാർ മുഖ്യ അതിഥിയായിരിക്കും.

പത്താം ഉത്സവദിനമായ 24നാണ് ആറാട്ട്. വൈകിട്ട് 8.30ന് സമാപന സമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാമുദായിക നേതാക്കൾ പങ്കെടുക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് റ്റി.സി. രാമാനുജം, സെക്രട്ടറി അജയ് റ്റി. നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. ഹരികുമാർ, വൈസ് പ്രസിഡന്‍റ് കെ.ആർ. സഞ്ജയ് വെട്ടുകുഴി, ജി. സജീവ്, റ്റി.സി. വിജയചന്ദ്രൻ, ഡോ. ആർ.വി. ശ്രീധരൻ, എം.എസ്. വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com