ദുരിതക്കയത്തിൽ നിന്ന് ആര് രക്ഷിക്കും ശക്തൻ സ്റ്റാൻഡിനെ!

പ്രതിദിനം നൂറുകണക്കിനു ബസുകൾ വന്നു പോകുന്ന സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ കണ്ടിട്ടും കാണാത്ത ഭാവമാണ് അധികൃതർക്ക്.
Thrissur Sakthan bus stand
തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന തൃശൂർ ശക്തൻ സ്റ്റാൻഡ്.
Updated on

മേഘാ ചന്ദ്ര

തൃശൂർ: വർഷങ്ങളായി ദുരിതക്കയത്തിൽ കിടക്കുന്ന ശക്തൻ സ്റ്റാൻഡിന് എന്ന‌ു കിട്ടും ശാപമോക്ഷം എന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ചോദിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, പാലക്കാട് തുടങ്ങിയ മേഖലകളിലേക്ക് ബസ് സർവീസ് നടത്തുന്ന തൃശൂരിലെ പ്രധാന സ്റ്റാൻഡാണ് തകർന്ന അവസ്ഥയിൽ തുടരുന്നത്.

ചെളി നിറഞ്ഞ, കുണ്ടും കുഴിയുമുളള വഴികളിലൂടെ നടന്നു വേണം യാത്രക്കാർക്ക് സ്റ്റാൻഡിലെത്താൻ. ചെളിക്കുഴിയിൽ വീണ് യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളും ഏറെ. പ്രതിദിനം നൂറുകണക്കിനു ബസുകൾ വന്നു പോകുന്ന സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ കണ്ടിട്ടും കാണാത്ത ഭാവമാണ് അധികൃതർക്ക്.

ഒരു മഴ പെയ്താൽ തന്നെ ശക്തൻ സ്റ്റാൻഡ് ചെളിക്കുളമാകുന്ന അവസ്ഥയാണിപ്പോൾ. സ്റ്റാൻഡ് തകർന്നത് ബസ് ജീവനക്കാരെയാണ് കൂടുതലും ബാധിച്ചിട്ടുള്ളത്. വലിയ കുഴികളിലൂടെ കടന്നുപോകുന്ന ബസുകൾ ദിനംപ്രതി അറ്റകുറ്റപ്പണികൾക്കായി ഗ്യാരേജിൽ കയറ്റേണ്ടിവരുന്നു. ഓരോ ദിവസവും കിട്ടുന്ന കളക്ഷൻ മുഴുവൻ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കേണ്ടി വരുന്നു.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുളള ബസ് നിർത്തുന്ന റോഡിന്‍റെ ടാറിങ് പൂർണമായും തകർന്നിട്ടുണ്ട്. സ്റ്റാൻഡിന് അകത്തേക്കും പുറത്തേക്കും കടക്കുന്ന റോഡും തകർന്ന നിലയിലാണ്. നിരവധി തവണ കോർപ്പറേഷനിലും കലക്‌റ്റർക്കും മറ്റും പരാതി നൽകിയെങ്കിലും യാതൊരു പരിഹാര നടപടിയും എടുത്തിട്ടില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു.

മഴക്കാലം പടിവാതിൽക്കലെത്തിയിട്ടും സ്റ്റാൻഡിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് ടാർ ചെയ്യാൻ അധികൃതർ നടപടിയെടുക്കുന്നില്ല. സ്റ്റാൻഡിനുള്ളിലെ കുണ്ടിലും കുഴിയിലും ചാടി ബസ് നീങ്ങുമ്പോൾ അക്ഷരാർഥത്തിൽ യാത്രക്കാരുടെ നടുവൊടിയുകയാണ്. താത്കാലികമായി ടാറിങ് നടത്തുമ്പോൾ പിന്നീട് ഒരു മഴ പെയ്താൽ അവസ്ഥ പഴയതിലും മോശമാകും. ഇത് കൂടുതൽ അപകടത്തിലേക്കാണ് വഴി തെളിക്കുന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com