തൃശൂര്‍ 'സീറോ വേസ്റ്റ് കോര്‍പ്പറേഷൻ' പദവിയിലേക്ക്

മാതൃകാപരമായ മാലിന്യ നിർമാർജ്ജന പദ്ധതികൾ
തൃശൂർ നഗരത്തിന്‍റെ ആകാശ ദൃശ്യം.
തൃശൂർ നഗരത്തിന്‍റെ ആകാശ ദൃശ്യം.

തൃശൂർ: സീറോ വേസ്റ്റ് കോര്‍പ്പറേഷനാകാൻ തൃശൂര്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു കൗൺസിൽ. സീറോ വേസ്റ്റ് കോര്‍പ്പറേഷന്‍ പ്രഖ്യാപനം വെള്ളിയാഴ്ച്ച നടത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഖരമാലിന്യ പരിപാലനച്ചട്ടം നിലവില്‍ വന്ന ശേഷം ഉറവിടത്തില്‍ തന്നെ ജൈവ, അജൈവ മാലിന്യം തരംതിരിച്ച് ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുകയും അജൈവമാലിന്യം ഹരിതകര്‍മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണ് കോര്‍പ്പറേഷനില്‍ നടപ്പിലാക്കി വരുന്നത്. നിലവില്‍ 55 ഡിവിഷനുകളിലും ഹരിതകര്‍മ സേനയുടെ സേവനം 100 ശതമാനം പൂര്‍ത്തീകരിച്ചു. ഹരിതകേരള മിഷനും ശുചിത്വ മിഷനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഹരിത മിത്രം ആപ്പില്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള മുഴുവന്‍ കെട്ടിടങ്ങളും എൻറോള്‍ ചെയ്തു.

മെയ്, ജൂണ്‍ മാസങ്ങളില്‍ 25,000 രൂപയ്ക്കു മുകളില്‍ യൂസര്‍ഫീ ലഭിച്ച ഡിവിഷനിലെ കൗണ്‍സിലര്‍മാരെ കലക്റ്റേഴ്സ് ട്രോഫി നല്‍കി ആദരിച്ചു. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഭാഗമായി അപേക്ഷിച്ചവര്‍ക്ക് സബ്സിഡി നിരക്കില്‍ ബയോഗ്യാസ് പ്ലാന്‍റുകളും പൈപ്പ് കമ്പോസ്റ്റുകളും ഫ്ലാറ്റുകളിലേക്ക് ബയോ ബിന്നുകളും നല്‍കി. ഇതിനായി 17 കോടി രൂപയുടെ പദ്ധതിയാണ് കോര്‍പ്പറേഷന്‍ വകയിരുത്തിയിട്ടുള്ളത്.ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യം തരംതിരിക്കാൻ 55 ഡിവിഷനുകളിലും സംവിധാനമായി.

നഗര ശുചീകരണം ശാസ്ത്രീയമായി നടപ്പിലാക്കാൻ ഇല, പൂവ്, കായ എന്നിവ ഉണ്ടാകുന്ന സ്ഥലത്തു തന്നെ സംസ്കരിക്കാൻ എയറോബിക് ബിന്നുകള്‍ കോര്‍പ്പറേഷന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. മാര്‍ക്കറ്റുകളില്‍ 6 ബയോഗ്യാസ് പ്ലാന്‍റുകളും 2 ഒഡബ്ലിയുസി പ്ലാന്‍റുകളും പ്രവര്‍ത്തിച്ചുവരുന്നു.ഡൊമസ്റ്റിക് വേസ്റ്റുകളായ സിഎഫ്എല്‍, ട്യൂബ് ലൈറ്റുകള്‍ തുടങ്ങിയവ ക്ലീന്‍ കേരള കമ്പനിക്കു കൈമാറും.

മെഡിക്കല്‍ വേസ്റ്റുകള്‍ കെല്‍ എന്ന സ്ഥാപനം വഴി സംസ്കരിക്കുന്നു. പൊതുസ്ഥലങ്ങളിലെ മാലിന്യം കണ്ടെത്താനും നീക്കം ചെയ്യാനും 2 സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.കോര്‍പ്പറേഷന്‍ പരിധിയിലെ അതിര്‍ത്തികളിലും പ്രധാന റോഡുകളിലും ദിശാ ബോര്‍ഡുകളും സ്വീകരണ ബോര്‍ഡുകളും സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിച്ചു. തൃശൂര്‍ സ്വരാജ് റോഡ് പരിസരം, കോര്‍പ്പറേഷന്‍ ഓഫിസ് റോഡ് പരിസരം, പാലസ് റോഡ്, മ്യൂസിയം റോഡ് പരിസരം എന്നിവിടങ്ങളെ വഴിയോരക്കച്ചവട നിരോധിത മേഖലയായി പ്രഖ്യാപിക്കും.

വഞ്ചിക്കുളം ടൂറിസം പദ്ധതിക്കായി കയാക്കിംഗും ബോട്ട് സര്‍വീസിംഗും ആരംഭിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍റെ കീഴിലുള്ള സേവനശ്രീ വനിതാ തൊഴിലാളികളുടെ ദിവസവേതനം വർധിപ്പിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com