ടോറസ് ലോറികളുടെ മരണപ്പാച്ചിൽ: കുരുതിക്കളമായി ദേശീയപാത

ടോറസുകൾ അപടകത്തിനിടയാക്കും വിധം അമിതവേഗത്തിലോടുമ്പോഴും ഇതിനെതിരേ ശക്തമായ നടപടി അധികൃതർ സ്വീകരിക്കുന്നില്ല
Torres lorry accidents regular
ടോറസ് ലോറികളുടെ മരണപ്പാച്ചിൽ: കുരുതിക്കളമായി ദേശീയപാത
Updated on

ചാലക്കുടി: ദേശീയപാതയിലൂടെ ടോറസ് ലോറികൾ നടത്തുന്ന മരണപ്പാച്ചില്‍ നിരവധി ജീവനുകള്‍ നഷ്ടമാവാനിടയാക്കുന്നു. ഒട്ടനവധി കുടുംബങ്ങള്‍ അപകടത്തെത്തുടര്‍ന്ന് വഴിയാധാരമായി. ടോറസുകൾ അപടകത്തിനിടയാക്കും വിധം അമിതവേഗത്തിലോടുമ്പോഴും ഇതിനെതിരേ ശക്തമായ നടപടി അധികൃതർ സ്വീകരിക്കുന്നില്ല.

എന്നും രാവിലെ ഹൈവേ പൊലീസ് അമിത ലോഡിന് പിഴ ഈടാക്കാൻ പിടികൂടുന്നതല്ലാതെ മറ്റു നടപടികൾ ഇവര്‍ക്കെതിരേ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ മേഖലയില്‍ ഉണ്ടായിട്ടുള്ള ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ടോറസ് ലോറികളാണ്. ചിറങ്ങര സിഗ്നൽ ജംക്‌ഷനിൽ സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് മരിച്ച അങ്കമാലി വേങ്ങൂർ സ്വദേശി ഷിജിയാണ് ഒടുവിലത്തെ ഇര. ഷിജിയുടെ ഭര്‍ത്താവ് ഷാജുവിന് ചിറങ്ങര പൊങ്ങത്തുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. മകന്‍ രാഹുലിനെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ സ്കൂട്ടറിൽ ഷിജി കൊണ്ടു പോകുമ്പോഴാണ് അപകടം ഉണ്ടായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സിഗ്നല്‍ ജംക്‌ഷനില്‍ എതിര്‍ ദിശയില്‍ ടോറസ് ലോറി ബൈക്ക് യാത്രക്കാരന്‍റെ തലയിലൂടെ കയറി വടക്കുംഞ്ചേരി സ്വദേശി ദാരുണമായി മരിച്ചിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ കൊരട്ടി ജെടിഎസ് ജംക്‌ഷനില്‍ ടോറസ് ലോറി ദേഹത്ത് കൂടെ കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലക്കാട് നിന്ന് കരിങ്കല്ല് കയറ്റി വരുന്ന ടോറസ് ലോറികളും ലോഡെടുക്കുവാന്‍ പോകുന്ന ടോറസ് ലോറികളുമാണ് ഇപ്പോള്‍ ദേശീയ പാതയില്‍ നിറഞ്ഞോടുന്നത്.

സിഗ്നലില്‍പ്പെടാതെ ഇവര്‍ സര്‍വീസ് റോഡിലൂടെയും മറ്റും അമിത വേഗത്തിലാണ് പായുന്നത്. ഇരുചക്ര വാഹന യാത്രക്കാർ സ്വയരക്ഷയ്ക്ക് മാറിപ്പോകേണ്ട അവസ്ഥയാണ്. സര്‍വീസ് റോഡിലൂടെ പോകുന്ന വലിയ വാഹനങ്ങള്‍ക്ക് നേരേയും പൊലീസ് നടപടിയെടുക്കാന്‍ തയാറാവുന്നില്ല.

ടോറസ് ലോറികളുടെ അമിത വേഗത്തിനെതിരേ വേഗപ്പൂട്ട് കര്‍ശനമാക്കാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ ഇനിയും ഇത്തരത്തില്‍ നിരപരാധികളുടെ ജീവനുകളാകും റോഡിൽ പൊലിയുന്നത്. ദേശീയപാതയിലെ റോഡിന്‍റെ നിർമാണത്തിലെ അശാസ്ത്രീയതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഫെബ്രുവരിയില്‍ സിഗ്നല്‍ ജംക്‌ഷനില്‍ അപകടം ഉണ്ടായത് റോഡിന്‍റെ നിർമാണത്തിലെ തകരാര്‍ കാരണമായിരുന്നു. എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധ സമരം വരെ നടത്തിയതിനെത്തുടര്‍ന്ന് കുറച്ച് ഭാഗം ടാറിങ് പൊളിച്ച് പുതിയതായി ടാര്‍ ചെയ്‌തെങ്കിലും പലയിടങ്ങളിലും ടാര്‍ മുഴച്ച് നില്‍ക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

Trending

No stories found.

Latest News

No stories found.