കോട്ടയം: ജില്ലയില്‍ മാലിന്യം കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ട്രാക്കിങ് സംവിധാനം നിര്‍ബന്ധമാക്കി. ജൈവമാലിന്യം, അജൈവമാലിന്യം, ഇലക്ട്രോണിക് മാലിന്യം, അറവ് മാലിന്യം, കക്കൂസ് മാലിന്യം, ബയോമെഡിക്കല്‍ മാലിന്യം, സ്‌ക്രാപ്പ് മുതലായവയ്ക്കായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും https://wastetracker.suchitwamission.org/ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്റ്റര്‍ ഡോ. വി. വിഗ്നേശ്വരി അറിയിച്ചു.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഹോളോഗ്രാം എംബഡഡ് സ്റ്റിക്കര്‍ ശുചിത്വ മിഷനില്‍ നിന്നും ലഭ്യമാക്കും. വാഹന ഉടമകള്‍ വെബ്‌സൈറ്റില്‍ നൽകുന്ന വിവരങ്ങളുടെ അസല്‍ പകര്‍പ്പ് ശുചിത്വ മിഷനില്‍ ലഭ്യമാക്കണം. ഈ നടപടികള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കണം. ഹോളോഗ്രാം എംബഡഡ് സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ മാലിന്യം കൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും കലക്റ്റര്‍ ചെയര്‍മാനായിട്ടുള്ള ജില്ലാതല മോണിറ്ററിങ് കമ്മറ്റി തീരുമാനിച്ചു. വിശദ വിവരത്തിന് ഫോണ്‍: 0481-2573606