കോട്ടയത്തെ 6 നഗരസഭകളിലും ഭരണം പിടിച്ചെടുത്ത് യുഡിഎഫ്

കോട്ടയം, പാലാ, ചങ്ങനാശേരി, ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ എന്നീ നഗരസഭകളിൽ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു
UDF seizes power in all 6 municipalities in Kottayam
Congress flagsRepresentative image
Updated on

കോട്ടയം: ജില്ലയിലെ 6 നഗരസഭകളിലും അധികാരത്തിലെത്തി യുഡിഎഫ് കരുത്തുകാട്ടി. കോട്ടയം, പാലാ, ചങ്ങനാശേരി, ഈരാറ്റുപേട്ട, വൈക്കം, ഏറ്റുമാനൂർ എന്നീ നഗരസഭകളിൽ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. വെള്ളിയാഴ്ച രാവിലെ തന്നെ നഗരസഭകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഉച്ചകഴിഞ്ഞാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു നടന്നത്.

കോട്ടയത്ത് കോൺഗ്രസിലെ മുതിർന്ന അംഗം എം.പി. സന്തോഷ് കുമാർ നഗരസഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം നഗരസഭയിൽ ചെയർമാൻ സ്ഥാനം കോൺഗ്രസിലെ 3 പേർക്കാണ് വീതം വയ്ക്കുന്നത്. എം.പി. സന്തോഷ് കുമാർ ആദ്യ ടേമിൽ ചെയർമാനാകും. കോൺഗ്രസിലെ ഷീബ പുന്നൻ വൈസ് ചെയർ പേഴ്‌സണായി.

കോൺഗ്രസിനുള്ളിലെ ധാരണ പ്രകാരം രണ്ടര വർഷം സന്തോഷ് കുമാറും ഇതിനു ശേഷമുള്ള ഒന്നര വർഷം ടി.സി. റോയിയും, അവസാനത്തെ ഒരു വർഷം ടോം കോര അഞ്ചേരിയും നഗരസഭാ അധ്യക്ഷന്മാരാകും.

ഏറ്റുമാനൂർ നഗരസഭയിൽ ടോമി കുരുവിള പുളിമാംതുണ്ടം (കോൺഗ്രസ് ) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ പുഷ്‌പ വിജയകുമാറാണ് വൈസ് ചെയർപേഴ്‌സൺ. ചെയർമാൻ, വൈസ് ചെയർപേഴ്‌സൺ സ്ഥാനങ്ങൾ പങ്കുവയ്ക്കൽ കോൺഗ്രസും കേരള കോൺഗ്രസും തമ്മിലുള്ള ധാരണയിലാണ്. ഇരുസ്ഥാനങ്ങളും 4 വർഷം കോൺഗ്രസിനും ഒരു വർഷം കേരള കോൺഗ്രസിനും എന്ന നിർദേശമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഒരു വർഷമെന്നത് കൂട്ടി നൽകണമെന്ന കേരള കോൺഗ്രസിന്‍റെ ആവശ്യത്തിന് മേൽ ചർച്ച തുടരുകയാണ്. കോൺഗ്രസ് ഇരു സ്ഥാനങ്ങളും 2 പേർക്കായി പങ്കുവയ്ക്കും.

ചങ്ങനാശേരി നഗരസഭയിൽ ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് ഭരിക്കും. കോൺഗ്രസ് അംഗങ്ങളായ ജോമി ജോസഫിനെ ചെയർമാനും നെജിയ നൗഷാദിനെ വൈസ് ചെയർപേഴ്‌സണായും തെരഞ്ഞെടുത്തു. രണ്ടാം ടേമിൽ കോൺഗ്രസ് അംഗം മാർട്ടിൻ സ്‌കറിയക്ക് ചെയർമാൻ സ്ഥാനം നൽകും, അടുത്ത ടേമുകളിൽ കോൺഗ്രസിലെ അംബിക വിജയൻ, ഷൈനി ഷാജി എന്നിവർക്കും വൈസ് ചെയർപേഴ്‌സൺ സ്ഥാനം നൽകും. കേരളകോൺഗ്രസിലെ സന്തോഷ് ആന്‍റണിക്കും ഒരു ടേമിൽ ചെയർമാൻ സ്ഥാനം നൽകും, യുഡിഎഫിന് ഒപ്പം നിൽക്കുന്ന മോൻ പുളിമൂട്ടിൽ, സന്ധ്യ മനോജ് എന്നിവർക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകും. എൽഡിഎഫിൽ സിപിഎമ്മിന് 9 സീറ്റുകൾ മാത്രമാണുള്ളത്. 8 അംഗങ്ങളുള്ള എൻഡിഎയുടെ ചെയർമാൻ സ്ഥാനാർഥിയായി എൻ.പി. കൃഷ്‌ണകുമാറും വൈസ് ചെയർപേഴ്സൺ സ്ഥാനാർഥിയായി പ്രസന്നകുമാരി ടീച്ചറും മത്സരിച്ചു.

ഈരാറ്റുപേട്ട നഗരസഭയിൽ മുസ്ലീം ലീഗിലെ വി.പി. നാസർ ചെയർമാനും കോൺഗ്രസിലെ ഫാത്തിമ അൻസർ വൈസ് ചെയർപഴ്‌സണുമായി സത്യപ്രതിജ്ഞ ചെയ്തു. 5 അംഗങ്ങളുള്ള കോൺഗ്രസിന് അവസാനത്തെ 15 മാസം പ്രസിഡന്‍റ് സ്ഥാനം നൽകാനും ധാരണയായി. വൈക്കം നഗരസഭയിൽ അബ്ദുൽസലാം റാവുത്തർ ചെയർ‌മാനായി സ്ഥാനമേറ്റു. ചെയർമാൻ സ്ഥാനം കോൺഗ്രസിലെ 3പേർക്കായി വീതം വയ്ക്കും. ആദ്യ 3 വർഷം അബ്ദുൽസലാം റാവുത്തർ ചെയർ‌മാനാകും. അടുത്ത ഓരോ വർഷം ഇടവട്ടം ജയകുമാർ, പി.ഡി. പ്രസാദ് എന്നിവർ ചെയർമാൻമാരാകും. ഇത് സംബന്ധിച്ച് ജില്ലാ നേതൃത്വമാണ് തീരുമാനമെടുത്തത്. വൈസ് ചെയർമാൻ സ്ഥാനവും 3പേർക്കായി നൽകും. കോൺഗ്രസിലെ രേണുക രതീഷിന് 2വർഷവും വിജിമോൾക്കും സൗദാമിനി അഭിലാഷിനും ഒന്നര വർഷം വീതവും നൽകാനാണ് ധാരണ. ആദ്യ തവണ സൗദാമിനി അഭിലാഷിന് വൈസ് ചെയർ പേഴ്സൺ സ്ഥാനം നൽകി.

ഏറെ അനിശ്ചിതത്വം നിലനിന്ന പാലാ നഗരസഭയിൽ 4 സ്വതന്ത്രരുടെ പിന്തുണയിൽ യുഡിഎഫ് അധികാരത്തിലെത്തി. പുളിക്കക്കണ്ടം കുടുംബത്തിലെ 3 കൗൺസിലർമാരുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു. ദിയ ബിനു പുളിക്കക്കണ്ടം ചെയർപേഴ്സണായി സ്ഥാനമേറ്റു. ഇതോടെ 21കാരിയായ ദിയ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി. യുഡിഎഫിന് പിന്തുണ നൽകിയ സ്വതന്ത്ര സ്ഥാനാർഥി മായ രാഹുലാണ് വൈസ് ചെയർപേഴ്‌സൺ. ഇതോടെ ആദ്യമായി പാലാ നഗരസഭയിൽ കേരള കോൺഗ്രസ്(എം) പ്രതിപക്ഷ സ്ഥാനത്തായി. ചെയർപേഴ്‌സൺ സ്ഥാനം രണ്ടരവർഷം വീതം പങ്കിടും. ആദ്യടേമിൽ ദിയ ബിനുവും രണ്ടാം ടേമിൽ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുലും ചെയർപേഴ്‌സൺ ആകും. പാലാ നഗരസഭയിൽ ബിനു പുളിക്കക്കണ്ടം, ബിനുവിന്‍റെ സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ എന്നിവരാണ് സ്വതന്ത്രമായി വിജയിച്ചത്. നഗരസഭയിലെ 13, 14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com