
ഫോർട്ട് കൊച്ചി മുതൽ വൈപ്പിൻ വരെ കടലിനടിയിലൂടെ തുരങ്ക പാത നിർമിക്കാൻ പദ്ധതി.
Concept image - AI
കൊച്ചി: തീരദേശ ഹൈവേയുടെ ഭാഗമായി വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാത പദ്ധതിയുടെ നിർമാണത്തിന് താൽപര്യപത്രം (Expression of Interest) ക്ഷണിക്കാൻ സർക്കാർ നടപടി തുടങ്ങി. കെ-റെയിൽ സമർപ്പിച്ച സാധ്യതാ പഠന റിപ്പോർട്ട് പരിഗണിച്ചാണ് നിർണായക നീക്കം.
കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്ക് നിയമസഭയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് ഇതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നത്.
പദ്ധതിക്കു പ്രതീക്ഷിക്കുന്ന ചെലവ് 2672.25 കോടി രൂപയാണ്. ഡിസൈൻ-ബിൽഡ്-ഫിനാൻസ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (DBFOT) മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കരയിലുള്ള നാലു വരി അപ്രോച്ച് റോഡുകളുമായാണ് തുരങ്ക പാതയെ ബന്ധിപ്പിക്കേണ്ടത്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
റോഡ് മാർഗം നിലവിൽ 16 കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്ത്, തുരങ്കപാത വഴി ദൂരം വെറും മൂന്നു കിലോമീറ്ററായിരിക്കും. കപ്പൽച്ചാലിനു കുറുകെ നിർമിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. കപ്പൽച്ചാലിന്‍റെ ആഴം 10 മീറ്റർ മുതൽ 13 മീറ്റർ വരെ മാത്രമാണ്.
ഇരട്ട ടണലുകളാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. ഇതിൽ നാലര മീറ്റർ വീതിയിൽ ഹൈവേയും മൂന്നര മീറ്റർ വീതിയിൽ സർവീസ് റോഡും ഉണ്ടാകും. ഓരോ 250 മീറ്റർ കൂടുമ്പോഴും എമർജൻസി സ്റ്റോപ്പ് ബേയും, 500 മീറ്റർ ഇടവിട്ട് വെന്‍റിലേഷനോടു കൂടിയ എമർജൻസി എക്‌സിറ്റുകളും സജ്ജീകരിക്കും.
യാത്രാമാർഗം സുഗമമാക്കുന്നതിനൊപ്പം, ഈ തുരങ്കപാതയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം സാധ്യതകളും നിരവധിയാണ്.
പദ്ധതിക്കായി രണ്ട് അലൈൻമെൻ്റുകളാണ് നിലവിൽ പരിഗണനയിലുള്ളത്. ഫോർട്ട് കൊച്ചി റോ-റോ ബോട്ട് ജെട്ടിക്കു സമീപം കെ.വി. ജേക്കബ് റോഡിനെയും വൈപ്പിനെയും ബന്ധിപ്പിച്ചുള്ളതാണ് ആദ്യത്തേത്. കെ.വി. ജേക്കബ് റോഡിനെയും വൈപ്പിന്‍റെ പടിഞ്ഞാറ് ഭാഗത്തെയും ബന്ധിപ്പിച്ചുള്ളതാണ് രണ്ടാമത്തേത്.