വേണാട് സ്ഥിരമായി വൈകുന്നു, ജോലി പോകുമെന്ന് യാത്രക്കാർ

കഴിഞ്ഞ ഒരാഴ്ചയായി 10 മണിക്കു ശേഷമാണ് എറണാകുളം ടൗണിൽ എത്തിച്ചേരുന്നത്
വേണാട് സ്ഥിരമായി വൈകുന്നു, ജോലി പോകുമെന്ന് യാത്രക്കാർ
Venad Express avoiding Ernakulam Jn blow to passengers

കൊച്ചി: വേണാട് എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനിലെ സ്റ്റോപ്പ്‌ ഒഴിവാക്കുകയും, സ്ഥിരമായി വൈകിയോടുകയും ചെയ്യുന്നതു കാരണം നിരവധിപേർക്ക് ഓഫിസുകളിൽ സമയത്ത് എത്തിച്ചേരാൻ കഴിയുന്നില്ലെന്നും ജോലി നഷ്ടപ്പെടുന്ന സാഹചര്യവുമാണെന്നും ചൂണ്ടിക്കാട്ടി യാത്രക്കാർ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ മാസ്റ്ററുടെ കംപ്ലയിന്‍റ് രജിസ്റ്ററിൽ പരാതി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ, ഏരിയ മാനേജർ പ്രമോദ് ഷേണായ് എന്നിവർക്ക് നിവേദനവും നൽകി. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്‍റെ നേതൃത്വത്തിൽ യാത്രക്കാർ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ സംഘടിക്കുകയായിരുന്നു.

നിലവിലെ ഷെഡ്യൂൾ സമയത്ത് തൃപ്പൂണിത്തുറയിലോ എറണാകുളം ടൗണിലോ വേണാട് എത്തിയാൽ പോലും മെട്രോയോ മറ്റു ഗതാഗത സംവിധാനമോ ഉപയോഗിച്ച് സൗത്തിലെ ഓഫീസുകളിൽ സമയത്ത് എത്തിച്ചേരാൻ സാധിക്കുന്നില്ലെന്നതാണ് യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. വേണാട് നിശ്ചിത സമയത്ത് സ്റ്റേഷനുകളിൽ എത്തുന്ന ദിവസങ്ങളും വിരളമാണ്. കഴിഞ്ഞ ഒരാഴ്ചയായി 10 മണിക്കു ശേഷമാണ് എറണാകുളം ടൗണിൽ എത്തിച്ചേരുന്നത്.

താത്കാലികമായാണ് സൗത്ത് ഒഴിവാക്കിയതെങ്കിലും വേണാടിന്‍റെ സമയം പരിഷ്കരിച്ചിരുന്നു. എന്നാൽ, വേണാട് 9.30ന് ടൗണിൽ എത്തുന്ന വിധം ക്രമീകരിച്ചിരുന്നെങ്കിൽ പകുതി ശമ്പളം നഷ്ടപ്പെടുന്ന സാഹചര്യമെങ്കിലും ഒഴിവാക്കാമായിരുന്നു എന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്. തൽസ്ഥിതി തുടരുന്നതു വരെ ഇപ്പോൾ 5.25 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാടിന്‍റെ സമയം പിന്നോട്ടാക്കി അടിയന്തിര പരിഹാരം കാണണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. യാത്രക്കാരെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കുമാർ, ഗോകുൽ, യദു,എൻ.എ.ശശി, ആൻസി, മായ, ബിനീഷ്, സി.എ അനീഷ് എന്നിവർ സംസാരിച്ചു. ഒരു മണിക്കൂറോളം യാത്രക്കാരെ ശ്രവിച്ച ഏരിയ മാനേജർ പ്രമോദ് ഷേണായ് പരാതി അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചു.

മൺസൂൺ സമയക്രമത്തിലാണ് വേണാട് ഔട്ടറിൽ പിടിക്കേണ്ടി വരുന്നത്. ആലപ്പുഴ വഴി കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള പ്രതിവാര ട്രെയിനുകൾക്ക് ജംഗ്ഷനിലേയ്ക്ക് നൽകിയിരിക്കുന്ന ഒരു മണിക്കൂർ ബഫർ ടൈം ഒഴിവാക്കിയാൽ വേണാടിന് ഔട്ടറിൽ പിടിക്കേണ്ട സാഹചര്യമുണ്ടാകുന്നില്ല.

9.40 ന് മുമ്പ് ജംഗ്ഷനിലെത്തിക്കൊണ്ടിരുന്നപ്പോളാണ് വേണാട് ജംഗ്ഷൻ ഒഴിവാക്കിയത്. സ്റ്റോപ്പ്‌ പുനസ്ഥാപിക്കുമ്പോഴും ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന പഴയ സമയമായ 10.10 ൽ നിന്ന് 09.50 ലേയ്ക്ക് മാറ്റിയാൽ പുതിയ സമയക്രമത്തിൽ തന്നെ ടൗണിൽ നിന്ന് സർവീസ് നടത്താവുന്നതാണ്. വൈകുന്നേരം 04.40 ന് എറണാകുളം ടൗണിൽ എത്തുന്ന വേണാട് 05.20 വരെ മറ്റു ട്രെയിനുകൾക്ക് തടസ്സമായി പ്ലാറ്റ് ഫോമിൽ തുടരുന്നതിന് പകരം ജംഗ്ഷനിൽ എത്തി പുറപ്പെട്ടാൽ നിരവധി യാത്രക്കാർക്ക് ഗുണം ലഭിക്കുന്നതാണ്.

വേണാട് ജംഗ്ഷൻ ഒഴിവാക്കിയാൽ മെമു അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 24 കോച്ചുകളുള്ള വേണാടിന് മാത്രമേ പ്ലാറ്റ് ഫോം ദൗർലഭ്യം ബാധകമാകുന്നുള്ളു. മെമുവിനെ ജംഗ്ഷനിലെ ഏത് പ്ലാറ്റ് ഫോമിൽ വേണമെങ്കിലും പിടിക്കവുന്നതാണ്. ജംഗ്ഷനിൽ തടസ്സങ്ങൾ വീണ്ടും ഉന്നയിച്ചാൽ 09.15 ന് മുമ്പ് എറണാകുളം ടൗണിൽ എത്തുന്ന വിധം മെമു അനുവദിച്ചാൽ പോലും സൗത്തിലേയ്ക്ക് ഗുരുവായൂർ - എറണാകുളം പാസഞ്ചർ പോലെ കണക്ഷൻ ട്രെയിനുകൾ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താനും കഴിയും.

മെട്രോ നിരക്കുകൾ സാധാരണക്കാരന് താങ്ങാൻ കഴിയുന്നതല്ല. തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം സൗത്തിലേയ്ക്ക് ഒരു ദിശയിലേയ്ക്ക് 40 രൂപയാണ് മെട്രോ ചാർജ് ഈടാക്കുന്നത്. വേണാട് ജംഗ്ഷൻ ഒഴിവാക്കുന്നത് താത്കാലികമാണെന്നതിനാൽ യാത്രക്കാർ ഇതുവരെ സഹിക്കാൻ തയ്യാറാവുകയായിരുന്നു. എന്നാൽ ഒരു മാസമാകുമ്പോഴും ജംഗ്ഷനിൽ യാതൊരു ജോലിയും നടക്കാത്ത സാഹചര്യത്തിലും വേണാട് തിരിച്ചു സൗത്തിൽ വരുന്നതിന്‍റെയോ പുതിയ മെമു അനുവദിക്കുന്നതിന്‍റെയോ ലക്ഷണങ്ങൾ കാണാത്തതിനാലും പരാതിയുമായി സമീപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സെക്രട്ടറി ലിയോൺസ് അറിയിച്ചു.

ഓഫീസ് ജീവനക്കാരും സീസൺ യാത്രക്കാരും മാത്രമല്ല സൗത്തിലേയ്ക്ക് യാത്ര ചെയ്തിരുന്നത്. സൗത്തിലെ ഹോസ്പിറ്റലുകളിലും, ഹൈക്കോടതി, പാസ്പോർട്ട് ഓഫീസ്, കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേയ്ക്കുള്ള മെഡിക്കൽ, എമിഗ്രേഷൻ അനുബന്ധ ആവശ്യങ്ങൾക്കും വിവിധ ട്രാവൽ എജൻസികളുമായി ബന്ധപ്പെട്ടും നിരവധി ആളുകൾ സൗത്ത് സ്റ്റേഷനെ ആശ്രയിച്ചിരുന്നു. എല്ലാവരെയും വേണാട് ജംഗ്ഷൻ ഒഴിവാക്കിയത് പ്രതിസന്ധിയിലാക്കുകയായിരുന്നു. ഇലക്ഷന് തൊട്ടുപിന്നാലെ വേണാട് ജംഗ്ഷൻ ഒഴിവാക്കിയ പ്രഖ്യാപനം ജനപ്രതിനിധികളുടെ ഇടപെടൽ തടയാനും പ്രക്ഷോഭങ്ങൾ ഒഴിവാക്കാനുമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com