വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ വില്ലെജ് ഓഫിസർ ട്രെയിൻ തട്ടി മരിച്ചു
ചാലക്കുടി: റവന്യൂ വകുപ്പ് ജീവനക്കാർക്കൊപ്പം വിനോദയാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മേലൂർ വില്ലെജ് ഓഫിസർ സൂരജ് മേനോൻ (51) റെയിൽവേ സ്‌റ്റേഷനിൽവച്ച് ട്രെയിൻ തട്ടി മരിച്ചു. പോട്ട പരേതനായ കുറിച്ചിയത്ത് നാരായണമേനോന്‍റെയും മുൻ നഗരസഭാ കൗൺസിലറും വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ മുൻ പ്രിൻസിപ്പലുമായ ഉപ്പത്ത് തുളസിയുടെയും മകനാണ്.
വർക്കല ബീച്ച്, ശിവഗിരി മഠം, ജഡായുപ്പാറ എന്നിവിടങ്ങളിലേയ്ക്കു ട്രെയിനിൽ വിനോദയാത്ര നടത്തി മടങ്ങിയെത്തിയ ശേഷം സഹപ്രവർത്തകരെ സ്വന്തം കാറിൽ അവരുടെ വീടുകളിൽ എത്തിച്ചിരുന്നു. തുടർന്നാണ് കേരള എക്‌സ്പ്രസ് തട്ടി മരിച്ചത്. ചാലക്കുടി റെയിൽവേ സ്‌റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോം പാളത്തിലാണു മൃതദേഹം കണ്ടെത്തിയത്.
മുൻപ് കൊരട്ടി വില്ലെജ് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ: സീന. മക്കൾ: ഐശ്വര്യ, ആദർശ്.