വൈറ്റില ഹബ്ബും കെഎസ്ആർടിസിയും കൈകോർക്കുന്നു

ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള നാല് ഏക്കർ സ്ഥലം വൈറ്റില ഹബ് സൊസൈറ്റിക്ക് കൈമാറും, പകരം വൈറ്റില ഹബ്ബിലെ മൂന്നേക്കർ സ്ഥലം കെഎസ്ആർടിസിക്കും നൽകും
വൈറ്റില ഹബ്ബും കെഎസ്ആർടിസിയും കൈകോർക്കുന്നു
Augustus Binu
Updated on

ജിബി സദാശിവൻ

കൊച്ചി: ഏറെക്കാലമായി നഗരവാസികളുടെ ആവശ്യമായിരുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണം ഉടൻ സാധ്യമാകും. പുതിയ ബസ് സ്റ്റാൻഡിനായി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് 12 കോടി രൂപ അനുവദിച്ചതോടെ മുന്നൊരുക്കങ്ങൾ ഊർജിതമാക്കി.

കാരിക്കാമുറിയിലെ കെഎസ് ആർടിസിയുടെ സ്ഥലത്ത് ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കും. ഇതിനായി വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയും കെഎസ്ആർടിസിയും ധാരണാപത്രം ഒപ്പിടും. നിലവിലുള്ള ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കാരക്കാമുറിയിലെ നാല് ഏക്കർ സ്ഥലം വൈറ്റില ഹബ് സൊസൈറ്റിക്ക് കൈമാറാമെന്ന് കെഎസ്ആർടിസി സമ്മതിച്ചിട്ടുണ്ട്. ഇതിനു പകരമായി വൈറ്റില ഹബ്ബിലെ മൂന്നേക്കർ സ്ഥലം കെഎസ്ആർടിസിക്കും നൽകും.

പദ്ധതി യാഥാർഥ്യമാകുന്നതോടെ രണ്ടിടത്തും കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഒരേ സ്റ്റാൻഡിൽ നിന്ന് ഓപ്പറേറ്റ് ചെയ്യാൻ കഴിയും. കാരക്കാമുറിയിൽ പുതുതായി നിർമിക്കുന്ന സ്റ്റാൻഡിൽ നിന്നാകും നഗരത്തിലെ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് ആരംഭിക്കുക. സ്റ്റാൻഡിലേക്ക് 12 മീറ്റർ വീതിയുള്ള ആക്‌സസ് റോഡും നിർമിക്കും. സ്റ്റാൻഡിൽ 26 ബസ് ബോർഡിങ് സ്ലോട്ടുകൾ ഉണ്ടാകും, 20 എണ്ണം സ്വകാര്യ ബസുകൾക്ക് വേണ്ടിയാകും. ഇതോടെ കാരക്കാമുറിയിലെ ബസ് സ്റ്റാൻഡ്, ബസ് ടെർമിനലായി മാറും.

ബസ് സ്റ്റാൻഡിൽ നിന്ന് എറണാകുളം ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മൂന്ന് മീറ്റർ വീതിയുള്ള കാൽനട പാതയും നിർമിക്കും. ഇവിടെ നിന്ന് മെട്രൊ സ്റ്റേഷനിലേക്കും വേഗം എത്താൻ കഴിയും.

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കും. നിർമാണ പ്രവർത്തനങ്ങളും കോർപ്പറേഷൻ ഏറ്റെടുക്കും. നാറ്റ്പാക് പഠന റിപ്പോർട്ട് മൂന്ന് മാസത്തിനകം തയാറാകും. തിരക്കൊഴിവാക്കാൻ സ്റ്റാൻഡിലേക്ക് കയറാനും പുറത്തേക്ക് പോകാനും രണ്ടു വഴികളാകും ഉണ്ടാവുക.

2100 ചതുരശ്ര അടി വിസ്‌തീർണമുള്ള ഇന്‍റഗ്രേറ്റഡ് ബസ് ടെർമിനലിൽ ബസ് ബോർഡിങ് സ്ലോട്ടുകൾക്ക് പുറമെ സ്റ്റാഫ് വിശ്രമ മുറികൾ, 168 യാത്രക്കാർക്കുള്ള ഇരിപ്പിടം, ബസുകൾ കഴുകാനുള്ള സൗകര്യം, ആധുനിക ഡ്രെയിനേജ് സൗകര്യം എന്നിവയുണ്ടാകും. സ്വകാര്യ വാഹനങ്ങൾക്ക് പ്രത്യേക വഴികളും പാർക്കിങ് സൗകര്യവുമുണ്ടാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com