കൊച്ചിയിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാകുന്നു; ടാങ്കറുകളുടെ ജല വിതരണവും മുടങ്ങുന്നു

നഗരത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഫ്‌ളാറ്റ് സമുച്ഛയങ്ങൾ അടക്കമുള്ളവയും ആശ്രയിക്കുന്നത് ടാങ്കറുകളിലൂടെയുള്ള ജലവിതരണത്തെയാണ്
പ്രതീകാത്മക ചിത്രം.
പ്രതീകാത്മക ചിത്രം.

ജിബി സദാശിവൻ

കൊച്ചി: കനത്ത ചൂടിൽ നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ കൂടുതൽ ദുരിതം സമ്മാനിച്ച് കുടിവെള്ള ടാങ്കറുകളിലൂടെയുള്ള ജലവിതരണവും മുടങ്ങുന്ന സ്ഥിതിയിലേക്കെത്തുന്നു. ചൂട് കനത്തതോടെ ജല ഉപഭോഗവും നഗരത്തിൽ വർധിച്ചു. നഗരത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഫ്‌ളാറ്റ് സമുച്ഛയങ്ങൾ അടക്കമുള്ളവയും ആശ്രയിക്കുന്നത് ടാങ്കറുകളിലൂടെയുള്ള ജലവിതരണത്തെയാണ്. ജല ഉപഭോഗം കൂടിയതോടെ ആവശ്യത്തിന് വെള്ളം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എറണാകുളം ജില്ലാ ഡ്രിങ്കിംഗ് വാട്ടർ ട്രാസ്പോട്ടേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. 500 ടാങ്കർ ലോറികളാണ് അസോസിയേഷന് കീഴിൽ മാത്രം പ്രതിദിനം നഗരത്തിൽ ജലവിതരണം നടത്തുന്നത്. ജലക്ഷാമം അതിരൂക്ഷമാണെന്ന് അസോസിയേഷൻ ഭാരവാഹികൾ സമ്മതിക്കുന്നു.

മിക്ക ഫ്‌ളാറ്റുകൾക്കും സ്വന്തമായി കിണറുകളും വലിയ ടാങ്കുകളുമുണ്ട്. എന്നാൽ ഇത്തവണ കിണറുകൾ വറ്റിവരണ്ടതോടെ ആവശ്യകതയും പതിന്മടങ്ങ് വർധിച്ചു. ആലുവ, കളമശേരി, കാക്കനാട്, തൃപ്പൂണിത്തുറ, കോലഞ്ചേരി എന്നിവിടങ്ങളിൽ നിന്നാണ് വിതരണത്തിന് ആവശ്യമായ ജലം ശേഖരിക്കുന്നത്.

ജല സാമ്പിളുകൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം അനുമതി നൽകിയിട്ടുള്ള സ്രോതസ്സുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഇതിനു പുറമെ ജല അഥോറിറ്റിയുടെ ആലുവ, മരട്, പള്ളിമുക്ക് കേന്ദ്രങ്ങളിൽ നിന്നും ജലവിതരണം നടക്കുന്നുണ്ട്.

ടാങ്കർ ഓപ്പറേറ്റർമാർ എല്ലാ മാസവും സർട്ടിഫിക്കേഷൻ പുതുക്കണം. വെള്ളം ശേഖരിക്കുന്ന സ്ഥലങ്ങളിൽ തന്നെ ഫിൽറ്ററിംഗ്‌ യൂണിറ്റുകൾ ഉണ്ടാകും. ടാങ്കറിലേക്ക് പമ്പ് ചെയ്യുന്നതിന് മുൻപ് തന്നെ ജലം ഫിൽറ്റർ ചെയ്ത് ക്ലോറിനേറ്റ് ചെയ്യും. ഗുണമേന്മയിൽ നേരിയ വ്യത്യാസം ഉണ്ടായാൽ പോലും പരിഹാരനടപടികൾ ചെയ്തതിന് ശേഷമേ ജലം കൊണ്ട് പോകാൻ അനുവദിക്കൂ. 2000 ലിറ്റർ മുതൽ 36000 ലിറ്റർ വരെ കപ്പാസിറ്റിയുള്ള ടാങ്കറുകൾ നഗരത്തിൽ പ്രതിദിനം അഞ്ച് ട്രിപ്പുകൾ വരെ സർവീസ് നടത്തുന്നുണ്ട്. മാളുകൾ, ആശുപത്രികൾ, അപ്പാർട്ട്മെന്‍റുകൾ എന്നിവിടങ്ങളിൽ ജലവിതരണം നടത്തുമ്പോൾ വീടുകൾ, ഹോസ്റ്റലുകൾ, ചെറിയ ഫ്‌ളാറ്റ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ചെറിയ ടാങ്കറുകളിലാണ് ജലവിതരണം നടത്തുന്നത്. ജലം ശേഖരിക്കുന്ന സ്ഥലത്ത്‌ നിന്ന് മൂന്ന് കിലോമീറ്റർ വരെ അകലെയാണ് വിതരണം ചെയ്യേണ്ടതെങ്കിൽ 2000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കർ 600 രൂപ വരെ ഈടാക്കും. പത്ത് മുതൽ പതിനഞ്ച് കിലോമീറ്റർ വരെ ദൂരേയ്ക്ക് എത്തിക്കണമെങ്കിൽ 900 രൂപ മുതൽ മുകളിലേക്കാണ് ചെലവ്.

ജലക്ഷാമം രൂക്ഷമായതോടെ പല അപ്പാർട്ട്മെന്‍റുകളിലും കുഴൽക്കിണർ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. എന്നാൽ കുടിവെള്ളത്തിനായിതുടർന്നും ടാങ്കറുകളെ തന്നെ ആശ്രയിക്കേണ്ടി വരും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com