പുല്ലുവഴിച്ചാലിൽ വീണ്ടും കാട്ടുകൊമ്പൻ ഇറങ്ങി; കപ്പക്കൃഷി നശിപ്പിച്ചു

കോട്ടപ്പടി, വടക്കുംഭാഗത്ത് കിണറ്റിൽ നിന്നു രക്ഷപ്പെടുത്തിയ കാട്ടാനയാണ് വീണ്ടുമെത്തി ജനങ്ങൾക്ക് ഭീഷണിയാകുന്നത്
 പുല്ലുവഴിച്ചാലിൽ കാട്ടുകൊമ്പൻ കപ്പ കൃഷി നശിപ്പിച്ച നിലയിൽ
പുല്ലുവഴിച്ചാലിൽ കാട്ടുകൊമ്പൻ കപ്പ കൃഷി നശിപ്പിച്ച നിലയിൽ

കോതമംഗലം: കിണറ്റിൽ നിന്ന് കരകയറ്റിയ കാട്ടുകൊമ്പൻ വീണ്ടും ഭീഷണിയാകുന്നു.കഴിഞ്ഞ ആഴ്‌ച കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിൽ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടാന വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി കൃഷി നശിപ്പിച്ചു. ആനയ്ക്കു പരുക്കുണ്ടെന്നു നാട്ടുകാർ പറഞ്ഞു.കോട്ടപ്പടിക്ക് സമീപ പ്രദേശമായ പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ പുല്ലുവഴിച്ചാലിലാണ് കാട്ടുകൊമ്പൻ ഇറങ്ങിയത്. പുതുമനക്കുടി സാജു, അങ്ങാടിശേരി സോമൻ തുടങ്ങിയവരുടെ കപ്പ, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചത്.

രാത്രി ടോർച്ച് തെളിച്ചപ്പോൾ ആനയുടെ മുതുകിൽ പരുക്ക് കാണാമായിരുന്നു. മുടന്തിയാണ് നടന്നുപോയത്. കിണറ്റിൽ വീണപ്പോൾ കാലിനും മുതുകിലും പരുക്കേറ്റെങ്കിലും ചികിത്സ നൽകാതെയാണ് ആനയെ കാട്ടിലേക്കയച്ചത്.

സ്‌ഥിരം ശല്യക്കാരനായതി നാൽ ആനയെ മയക്കുവെടി വച്ചു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റണമെന്ന് അന്നു നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഗൗനിക്കാതെ വനപാലകർ രക്ഷപ്പെടുത്തി വിടുകയായിരുന്നു.

ആന ശല്യം തുടർന്നാൽ പ്രദേശത്തു നിന്ന് നീക്കം ചെയ്യാൻ നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ പിന്നീട് ആന്‍റണി ജോൺ എംഎൽഎയുടെ കത്തിനു നൽകിയ മറുപടിയിൽ അറിയിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയ ശേഷം ആന ഭീഷണിയായി ജനവാസമേഖലയ്ക്കു സമീപം തമ്പടിച്ചു വരികയാണെന്നു നാട്ടുകാർ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com