പുഴ മുറിച്ച് കടന്ന് വിള നശിപ്പിച്ച് കാട്ടാനകൾ; പരിഭ്രാന്തരായി നാട്ടുകാർ|Video
കോതമംഗലം: കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു. കാളിയാർ പുഴ കടന്നെത്തിയ രണ്ടാനകളാണ് പ്രദേശത്ത് ആശങ്ക പരത്തിയത്. പകൽ സമയങ്ങളിൽ പോലും ഇവിടെ കാട്ടാനകൾ സഞ്ചരിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ഇരുവരുടെയും റബ്ബർ തോട്ടങ്ങളിലെ കൈതച്ചക്ക, പ്ലാവ്, റബ്ബർ തുടങ്ങിയവ ആനകൾ തിന്നുകയും, ചവിട്ടി മെതിക്കുകയും ചെയ്‌തു. നൂറുകണക്കിന് കൈതകൾ ഇളകി പറിഞ്ഞു പോയിട്ടുണ്ട്. രണ്ട് പ്ലാവുകളുടെ ശിഖരങ്ങൾ ഒടിച്ച് ചക്ക തിന്നിട്ടുമുണ്ട്.
കഴിഞ്ഞ രണ്ട് വർഷമായി ഒറ്റക്കണ്ടം, മുള്ളരിങ്ങാട്, ചാത്തമറ്റം, വടക്കേപുന്നമറ്റം, പുതകുളം, കടവൂർ, നാലാംബ്ലോക്ക് മേഖലകളിലെല്ലാം മാസത്തിൽ രണ്ടും മൂന്നും തവണ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നതായി പരാതിയുണ്ട്.
ഈ പ്രദേശങ്ങളിൽ കുരങ്ങ്, കാട്ടുപന്നി, മുള്ളൻപന്നി, തുടങ്ങിയവയുടെ ശല്യമുണ്ട്. ഫോറസ്റ്റ് ജീവനക്കാർ പരാതികൾക്ക് പ്രതികരിക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.