

കോതമംഗലത്ത് വിവിധയിടങ്ങളിൽ കാട്ടാനയാക്രമണം; 2 പേർക്ക് പരുക്ക്
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരുക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ.വി. ഗോപി ( 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ആറരയോടെ വാവേലിയിൽ വച്ച് ഏഴോളം ആനകൾ ഇവരുടെ ബൈക്കിനു നേരെ വരികയും തുമ്പിക്കൈക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരുക്കേറ്റവർ പറഞ്ഞത്.
കോതമംഗലം താലുക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് വാവേലി ഉൾപ്പെടെയുള്ള മേഖല.
അതേസമയം, ഇടമലയാർ - താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്‍റെ ഓട്ടോറിക്ഷക്ക് നേരെ വ്യാഴാഴ്ച രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്.
താളുംകണ്ടം കുടിയിൽ ഓട്ടം പോയി തിരിച്ചു വന്നപ്പോൾ ആനക്കൂട്ടം പാഞ്ഞത്തുകയും വണ്ടി ഉപേക്ഷിച്ച് ഇറങ്ങി ഓടുകയും ചെയ്യുകയായിരുന്നു. വണ്ടി പൂർണമായും നശിപ്പിച്ചു കളഞ്ഞു. നാശനഷ്ടം സംഭവിച്ചയാൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ സനൂപ് പറഞ്ഞു.