
കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി; ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകി കലക്റ്റർ
കോതമംഗലം: കോട്ടപ്പടി വടക്കുഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ കരകയറ്റി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ഞായറാഴ്ച പുലർച്ചെ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിച്ചത്. പുറത്തെത്തിയ ആന കാട്ടിലേക്ക് ഓടി രക്ഷപെട്ടു.
കാട്ടാന കിണറ്റിൽ വീണതോടെ നാട്ടുകാർ വൻ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. കിണറ്റിൽ വീണ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തുമെന്നും, വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകുമെന്നും മലയാറ്റൂർ ഡിഎഫ്ഒ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഡിഎഫ്ഒ നൽകിയ ഉറപ്പിൽ വിശ്വാസമില്ലെന്നും ജില്ലാ കലക്റ്റർ എത്തി ഉറപ്പ് നൽകണമെന്നായിരുന്നു ആന്‍റണി ജോൺ എംഎൽഎ ആവശ്യപ്പെട്ടത്. ഇതിനു ശേഷം മാത്രമേ കാട്ടാനയെ കിണറ്റിൽ നിന്നും പുറത്തെത്തിക്കാനുളള രക്ഷാദൗത്യം പുനരാരംഭിക്കാൻ അനുവിക്കുകയുളളൂ എന്നും എംഎൽഎ പറഞ്ഞിരുന്നു.
തുടർന്ന് ജില്ലാ കലക്റ്റർ എത്തി സ്ഥലത്ത് എത്രയും വേഗം ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധക്കാർ പിന്മാറി രക്ഷാദൗത്യം ആരംഭിച്ചത്.
കോട്ടപ്പടി വടക്കുംഭാഗത്ത് കോട്ടപ്പാറ ക്ഷേത്രത്തിലേക്ക് സമീപം താമസിക്കുന്ന വിച്ചാടന്‍ വര്‍ഗീസിന്‍റെ വീട്ടിലെ കിണറ്റിലാണ് കാട്ടന വീണത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി. മാസങ്ങള്‍ക്ക് മുൻപ് വടക്കുംഭാഗത്ത് സ്വാകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
അന്ന് കോട്ടപ്പടി പ്ലാച്ചേരിയിലായിരുന്നു കാട്ടാന കിണറ്റില്‍ വീണത്. ജെസിബി എത്തിച്ച് കിണറിന്‍റെ ഭാഗങ്ങള്‍ ഇടിച്ച് മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമായിരുന്നു അന്ന് കാട്ടാനയെ പുറത്തുകടത്തിയത്. അന്നും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കിണര്‍ പുനര്‍നിര്‍മിക്കാന്‍ പണം നല്‍കിയില്ല എന്നതടക്കം ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വീണ്ടും കാട്ടാന കിണറ്റില്‍ വീണത്.