തൃക്കാക്കര: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്ത് മൂന്ന് അടിപ്പാതകൾ കൂടി നിർമിക്കാൻ തീരുമാനമായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്‍റെ അധ്യക്ഷതയിൽ എറണാകുളം ജില്ലാ കലക്റ്ററേറ്റിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചു ധാരണയായത്.
കൂനമ്മാവ്, പട്ടണം കവല, തൈക്കാവ് എന്നിവിടങ്ങളിലാണു പുതിയ അടിപ്പാതകൾ വരുന്നത്. സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വരുന്ന പ്രദേശങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കും. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളിൽ അടിയന്തര പ്രാധാന്യത്തിൽ ക്രോസ് കൽവർട്ടുകൾ നിർമിക്കും.
തോടുകളുടെ നീരോഴുക്ക് തടസപ്പെടുത്തുന്ന വിധത്തിൽ വന്നിട്ടുള്ള നിർമാണവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാൻ യോഗത്തിൽ മന്ത്രി നിർദേശം നൽകി. മൂത്തകുന്നത്ത് 16 വീടുകളിലേക്കുള്ള പ്രവേശനം തടസപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. വേണ്ടിവന്നാൽ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. നിലവിലെ ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ വേഗത്തിൽ അടയ്ക്കണം. ആവശ്യമായ ഇടങ്ങളിൽ സർവീസ് റോഡുകളുടെ നീളം വർധിപ്പിക്കണം, മന്ത്രി പറഞ്ഞു.
ദേശീയപാത 544 ലെ അങ്കമാലി - കുണ്ടന്നൂർ ബൈപാസ് നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഓഗസ്റ്റ് 15നുള്ളിൽ പൂർത്തിയാക്കാനും യോഗത്തിൽ ധാരണയായി. സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.
നിലവിൽ 14 സർവേ ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവരുടെ എണ്ണം 40 ആയി ഉയർത്തും. അതിനുപുറമേ ആവശ്യമായ ഡ്രാഫ്റ്റ് മാൻമാരുടെ സേവനവും ഉറപ്പുവരുത്തും. സർവേ പുരോഗതി വിലയിരുത്തുന്നതിനായി എല്ലാ തിങ്കളാഴ്ചയും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.