

പ്രകൃതി സംരക്ഷണ സന്ദേശം നൽകി നഗരത്തിൽ കൂട്ടായ്മയുടെ വൃക്ഷരാജപൂജ; പൂജയ്ക്ക് നേതൃത്വം നൽകിയത് ബിഹാറിലെ അമ്മമാർ
കണ്ണൂർ: വൃക്ഷ രാജാവിന് ഏഴു പ്രദക്ഷിണവുമായി അശ്വത്ഥ നാരായണ പൂജ' കണ്ണൂർ തൂണോളിലൈൻ ചെട്ടിയാർകുളംവാസികൾ നടത്തിയ പൂജയ്ക്ക് ബിഹാറിൽ നിന്നെത്തി വർഷങ്ങളോളം ഇവിടെ സ്ഥിരതാമസമാക്കിയ പതിനാല് കുടുംബങ്ങളിലെ അമ്മമാരും നേതൃത്വം നൽകി.
വൃക്ഷരാജാവായ അരയാലിന് പ്രദക്ഷിണമന്ത്രം ചൊല്ലി മൺചിരാത് തെളിച്ചാണ് അശ്വത്ഥ നാരായണ പൂജയ്ക്ക് തുടക്കമിട്ടത്. കണ്ണൂർ റെയിൽവേ സ്റ്റേഷനു വടക്കു പടിഞ്ഞാറുള്ള ചെട്ടിയാർകുളം തൂണോളി ലൈനിൽ താമസിക്കുന്ന നഗരവാസികളുടെ കൂട്ടായ്മയായ തൂണോളി ലൈൻ അരയാൽത്തറ മുത്തപ്പൻ കമ്മിറ്റിയാണ് ആണ്ടു മുത്തപ്പൻ വെള്ളാട്ടത്തോടനുബന്ധിച്ച് ഞായറാഴ്ച പുലർച്ചെ ചടങ്ങ് ഒരുക്കിയത്.
ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാർ കുടികൊള്ളുന്ന അരയാലിനു മുന്നിൽ മൂലമന്ത്രം ചൊല്ലി താന്ത്രിക ആചാര്യൻ പൂജ തുടങ്ങിയപ്പോൾ ഓംകാര ധ്വനി മുഴക്കിയും പഞ്ചാക്ഷരി ജപിച്ചും കൂട്ടായ്മ അരയാൽത്തറയ്ക്കു ചുറ്റും മൺചിരാതും തെളിച്ചു.
തുളസീദളമാലയും പുഷ്പമാല്യങ്ങളും കുരുത്തോലയുംചാർത്തി അരയാലും തറയും പരിസരവും നേരത്തെ തന്നെ അലങ്കരിച്ചിരുന്നു. ധനുമാസ കുളിരണിഞ്ഞ പുലർകാലത്തെ മന്ത്രധ്വനികളാൽ വരവേറ്റു ആചാര്യനും കൂട്ടായ്മയും ഒന്നായി ഒരേ ലക്ഷ്യത്തിൽ ഏകാഗ്രചിത്തരായപ്പോൾ അശ്വത്ഥനാരായണ
പൂജ സമർപ്പണ ഘട്ടത്തിലെത്തി. തീർത്ഥ നീർ തെളിച്ച് അരയാലിൻ കീഴിൽ അഭിഷേകം നടത്തി. കുട്ടികളടക്കമുള്ള കൂട്ടായ്മ ഏഴു പ്രദക്ഷിണം നടത്തി വൃക്ഷരാജാവിനെ നമസ്കരിച്ചു. ആരതിയുഴിഞ്ഞ് തീർഥവും പ്രസാദം ഏറ്റുവാങ്ങിയപ്പോൾ കൂട്ടായ്മയ്ക്ക് നവോന്മേഷം. ഭാരതീയ ആചാര അനുഷ്ഠാന കർമങ്ങളിൽ അരയാലിനു വൃക്ഷ രാജപദവി നൽകി പൂജിക്കുന്നത് പ്രകൃതി സംരക്ഷണ പാഠം കൂടിയാണ്.
ആഗോള താപനമടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെയും പകർച്ചവ്യാധികളെയും പ്രതിരോധിക്കാൻ അരയാൽ വൃക്ഷ സംരക്ഷണത്തിലൂടെ സാധിക്കുമെന്ന് ആധുനിക സമൂഹത്തെ ഓർമ്മപ്പെടുത്താനാണ് കണ്ണൂർ നഗര വാസികളുടെ കൂട്ടായ്മ ഇത്തരമൊരു ചടങ്ങ് ആണ്ടൊടുവിൽ കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തിവരുന്നത്.
ഇരിങ്ങാലക്കുട ഗുരുപഥം ആചാര്യൻ പി.കെ. ഗോപാലകൃഷ്ണൻ തന്ത്രി കാർമികത്വം വഹിച്ചു. ബിഹാർ സ്വദേശിനികളായ നിഖി, കാമിനി സബിത, പൂജ, രാജ് മുന്നി, പിങ്കി , പൂനം, റീത്തു, സാവിത്രിയമ്മ പാറക്കണ്ടി, ചാന്ദ്നി, മിനി മോഹൻ, മഞ്ജുള മുരളി തുടങ്ങിയ അമ്മമാർ പഞ്ചാക്ഷരി മന്ത്രം ജപിച്ച് വൃക്ഷരാജ പൂജയ്ക്ക് നേതൃത്വം നൽകി. തുടർന്നു നടന്ന സത്സംഗ സദസിൽ ഫോട്ടോ ജേണലിസ്റ്റ് എസ്.കെ. മോഹൻ അധ്യക്ഷത വഹിച്ചു.
വൃക്ഷ പൂജസംയോജകൻ മുരളീകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘ വഴക്ക ഗവേഷണ പീഠം ഡയറക്റ്റർ ഡോ. സഞ്ജീവൻ അഴീക്കോട് പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ഗുരുപഥം ആചാര്യൻ പി.കെ. ഗോപാലകൃഷ്ണൻ തന്ത്രി വൃക്ഷരാജ പൂജാ ഫലശ്രുതി സന്ദേശവും നൽകി.
തുടർന്ന് തൂണോളിലൈൻ ചെട്ടിയാർ കുളം നിവാസികളായ കുട്ടികളുടെ കലാപരിപാടികളും ഭജനയും വൈകുന്നേരം അരയാൽത്തറ ആണ്ടു മുത്തപ്പൻ വെള്ളാട്ടവും നടന്നു. വൈകുന്നേരം നടന്ന മുത്തപ്പൻ വെള്ളാട്ടം ദർശിച്ച് അരുൾ മൊഴി കേട്ടു അനുഗ്രഹം വാങ്ങാനും നിരവധി ഭക്തരെത്തി പ്രജീഷ് ചാലാട് മുത്തപ്പൻ കോലധാരിയായി. പ്രദേശത്ത് നൂറ്റാണ്ടായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലിനു ചെങ്കൽത്തറ കെട്ടി സംരക്ഷിക്കാൻ മുൻകൈ എടുത്തതു' തൂണോളി ലൈൻ അരയാൽത്തറ മുത്തപ്പൻ ദേവസ്ഥാന കമ്മറ്റിയാണ്.
പതിനൊന്നു വർഷം മുമ്പാണ് തറ സമർപ്പിച്ചത്.' അരയാൽത്തറയ്ക്കു ഏതാനും മീറ്റർ അകലെയാണ് ചെട്ടിയാർകുളം. നാശോന്മുഖമായ ഈ ജലസ്രോതസ് സംരക്ഷിക്കാൻ തൂണോളിലൈൻ വാസികൾ മുന്നിട്ടിറങ്ങി സർക്കാർ സഹായത്തോടെ ചെങ്കല്ലു കെട്ടി മനോഹരമാക്കിയതും കണ്ണൂർ തൂണോളിലൈൻ കൂട്ടായ്മയായിരുന്നു. മുരളീകൃഷ്ണനും എസ്.കെ. മോഹനൻ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് ചടങ്ങ് ഒരുക്കിയത്.