ഹൈടെക് ബയോ സൊല്യൂഷൻസിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഡയറക്റ്റർ രാജഗോപാൽ.
ഹൈടെക് ബയോ സൊല്യൂഷൻസിന്‍റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഡയറക്റ്റർ രാജഗോപാൽ.

മാലിന്യം വളമാക്കാൻ വെറും 24 മണിക്കൂർ

ഗാർഹിക മാലിന്യ സംസ്കരണത്തിലും കൃഷിയിലും വിപ്ലവം സൃഷ്ടിക്കാൻ ഹൈടെക് ബയോ സൊല്യൂഷൻസ്

ആർദ്ര ഗോപകുമാർ

കാലം പുരോഗമിക്കുന്നതിനൊപ്പം സ്വയം നവീകരിക്കുക എന്നതാണ് അതിജീവനത്തിന്‍റെ ബാലപാഠം. പുതിയ കാലം ആവശ്യപ്പെടുന്ന നവീകരണങ്ങളിൽപ്പെടുന്നതാണ് ഫലപ്രദമായ മാലിന്യ സംസ്കരണവും ജൈവകൃഷി രീതികളും. വീടുകളിൽ നിന്ന് സാധാരണയായി ലഭ്യമായ ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് 24 മണിക്കൂറിനുള്ളിൽ മികച്ച ജൈവ വളം ഉത്പാദിപ്പിക്കാൻ സാധിച്ചാൽ രണ്ടു മേഖലകളിലും ഒരുപോലെ മുതൽക്കൂട്ടായിരിക്കും. അതാണ് ഹൈടെക് ബയോ സൊല്യൂഷൻസ് ലക്ഷ്യമിടുന്നതും.

കഴിഞ്ഞ നാലു വർഷമായി ഹൈടെക് ബയോ സൊല്യൂഷൻസ് ഡയറക്റ്റർ രാജഗോപാലും സംഘവും മുംബൈയിൽ നടത്തിവരുന്ന കഠിന പ്രയത്നത്തിന്‍റെ ഫലമാണ് ഇവർ നിർമിച്ച ബയോ പ്ലാന്‍റ്. കർഷക സമൂഹത്തിന് കുറഞ്ഞ വിലയ്ക്ക് മികച്ച മികച്ച ജൈവ വളം ലഭ്യമാക്കുന്നതിലൂടെ ബാങ്ക് വായ്പയുടെയും ആത്മഹത്യയുടെയും ഭീഷണി കൂടി ഇല്ലാതാക്കാമെന്ന് രാജഗോപാൽ പറയുന്നു.

ബയോ പ്ലാന്‍റ് ഇൻസ്റ്റലേഷൻ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും കമ്പനി നേരിട്ട് ചെയ്യുന്നു. ഒരിക്കൽ ഇൻസ്റ്റോൾ ചെയ്താൽ ആജീവനാന്ത ഗ്യാരന്‍റിയും ഉറപ്പ് നൽകുന്നു. മുംബൈയിലെ വസായ് റോഡിലാണ് ഹൈടെക് ബയോ സൊല്യൂഷൻസിന്‍റെ ആസ്ഥാനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വിതരണവും ചെയ്തുവരുന്നു.

സമയം ലാഭം, ബോണസായി പാചകവാതകവും

മാലിന്യത്തിൽ നിന്ന് വളമുണ്ടാക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, സാധാരണ ബയോഗ്യാസ് പ്ലാന്‍റിൽ കമ്പോസ്റ്റ് ഉണ്ടാക്കാൻ 40 മുതൽ 45 ദിവസം വരെ എടുക്കുമ്പോൾ, ഹൈടെക് ബയോ സൊല്യൂഷൻസ് പ്ലാന്‍റിൽ 24 മണിക്കൂർ മാത്രം മതി. സാധാരണനിലയിൽ കമ്പോസ്റ്റ് ഖര രൂപത്തിലാണ് ലഭിക്കുന്നതെങ്കിൽ, ഇവിടെയത് ദ്രാവക രൂപത്തിലായിരിക്കും. ചാണകം, പിണ്ണാക്ക് തുടങ്ങിയ ജൈവവസ്തുക്കളിൽ നിന്നുള്ള ബാക്റ്റീരിയകൾ കൊണ്ടാണ് ഈ കമ്പോസ്റ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ആക്റ്റിവേഷൻ മിക്സ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇതിൽ നിന്നു പുറത്തുവരുന്ന ദ്രാവക രൂപത്തിലുള്ള വളം 100 ശതമാനം ജൈവമായിരിക്കും.

ഈ കമ്പോസ്റ്റ് കണ്ടെയ്നറിൽ നിന്ന് ഏകദേശം 40 മിനിറ്റോളം പ്രവർത്തിക്കാനുള്ള പാചക വാതകവും ഉത്പാദിപ്പിക്കാം. ഒറ്റതവണയുള്ള പ്രക്രിയയിലൂടെ ഏകദേശം നാല് കിലോഗ്രാം ദ്രാവക വളം ലഭിക്കും. ഇതിന്‍റെ സാന്ദ്രത വളരെ കൂടുതലായതിനാൽ നാല് ലിറ്ററോളം വെള്ളം ചേർക്കണം. അതിനു ശേഷം പാടത്ത് മണ്ണിനു ബൂസ്റ്ററായും, ബാൽക്കണി പൂന്തോട്ടത്തിലെ ചെടിച്ചട്ടിയിലെയ്ക്ക് സ്പ്രേ ചെയ്യാനുമെല്ലാം ഉപയോഗിക്കാം.

ഓരോ വീട്ടിലും ബയോ പ്ലാന്‍റ്

മുംബൈ നഗരത്തിലെ ഒരോ വീടുകളിലും ഏറ്റവും കുറഞ്ഞ ചെലവിൽ ഓരോ ബയോ ഗ്യാസ് പ്ലാന്‍റ് എത്തിക്കുക എന്നതാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്നാണ് രാജഗോപാൽ പറയുന്നത്.

ഒരിക്കൽ സ്ഥാപിച്ചു കഴിഞ്ഞാൽ ഇതിനു മേൽ മറ്റു ചെലവുകളൊന്നുമില്ല. ആജീവനാന്തകാലം ഇതിൽ നിന്നു വളം ലഭിക്കുകയും ചെയ്യും. എന്നാൽ, നിലവിൽ ചെറിയ തോതിലുള്ള ഇൻസ്റ്റലേഷനുകൾ മാത്രമേ നടത്താൻ സാധിക്കുന്നുള്ളൂ. ഉത്പാദനവും വിതരണവും വൻ തോതിലാക്കുക എന്നതാണ് ഭാവി പദ്ധതി.

എടുത്തു മാറ്റാനും എളുപ്പം

ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എളുപ്പത്തിൽ കൊണ്ടുപോകാനും സാധിക്കുന്നതാണ് ഈ പ്ലാന്‍റുകൾ. മണ്ണിൽ തന്നെ വയ്ക്കണമെന്നു നിർബന്ധവുമില്ല. ഫ്ലാറ്റിലോ ഹൗസിങ് കോളനികളിലോ കൂട്ടമായും ഉപയോഗിക്കാം. പ്രവർത്തിപ്പിക്കാൻ വൈദ്യുതിയോ മെക്കാനിക്കൽ സപ്പോർട്ടോ ആവശ്യമില്ല. പൂർണമായും സൂര്യപ്രകാശത്തിലാണ് പ്രവർത്തിക്കുന്നത്. ഇവയിൽ നിന്ന് ദുർഗന്ധമുണ്ടാകാനോ മാലിന്യം പുറന്തള്ളപ്പെടാനുള്ള സാധ്യതയോ ഇല്ല. അതിനാൽ തന്നെ വീടിന്‍റെയോ ഫ്ളാറ്റിന്‍റെയോ ഉള്ളിൽ തന്നെ സ്ഥാപിക്കാനും സാധിക്കും.

ചെലവ്

മാലിന്യത്തിന്‍റെ ഉത്പാദനത്തിനനുസരിച്ച് മൂന്ന് വ്യത്യസ്ത വലുപ്പങ്ങളിൽ ബയോ പ്ലാന്‍റ് ലഭ്യമാണ്- 3 കിലോഗ്രാം, 6 കിലോഗ്രാം, 10 കിലോഗ്രാം എന്നിങ്ങനെ. ഇൻസ്റ്റലേഷൻ ചെലവും വലുപ്പം അനുസരിച്ച് വ്യത്യാസപ്പെടുന്നു. 3 കിലോയുടെ പ്ലാന്‍റ് സ്ഥാപിക്കാൻ ചെലവ് 25,000 രൂപയാണ്; 6 കിലോയ്ക്ക് 50,000 രൂപയും 10 കിലോയ്ക്ക് ഒരു ലക്ഷം രൂപയും.

ടാങ്കുകളുടെ വലുപ്പത്തിലുള്ള വ്യത്യാസമനുസരിച്ച് പാചക വാതകത്തിന്‍റെ ലഭ്യതയും ഒരു മണിക്കൂർ മുതൽ നാലു മണിക്കൂർ വരെ വ്യത്യാസപ്പെടുന്നു. മുംബൈയിലെ കടകളിൽ ഇതേ ദ്രാവക വളം കർഷകന് ഏകദേശം 250 രൂപ മുതൽ 350 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇത് സ്വന്തം വീട്ടിൽ ഉണ്ടാക്കാന്‍ സാധിക്കുന്നത് വലിയ സാമ്പത്തിക ലാഭമാണു നൽകുക.

ബോധവത്കരണം

ഓരോ ഗ്രാമത്തിലും ചെന്ന് അവിടത്തെ പ്രധാനികളുമായി സംസാരിച്ച് ബയോ പ്ലാന്‍റിന്‍റെ പ്രവർത്തനം വ്യക്തമാക്കിക്കൊടുക്കുക എന്നതാണ് ആദ്യ ഘട്ടം. തുടർന്ന് അവിടെയുള്ളവരെ, പ്രധാനമായും കർഷകരെ വിളിച്ചുകൂട്ടി ക്ലാസ് നടത്തും. അതിനു ശേഷം ആവശ്യാനുസരണം പ്ലാന്‍റ് സ്ഥാപിച്ചു കൊടുക്കും.

ബയോ പ്ലാന്‍റിന്‍റെ പ്രാരംഭ ഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് കണ്ടെയ്‌നർ നിർമ്മിച്ചതെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. പിന്നീട് സിൻടെക്‌സ്, സ്റ്റീൽ തുടങ്ങിയവ പരീക്ഷിക്കുകയും ഒടുവിൽ ഫൈബർ കണ്ടെയ്‌നറിൽ വിജയം കാണുകയുമായിരുന്നു.

ഫൈബർഗ്ലാസിന്‍റെ ഉപയോഗം കണ്ടെയ്‌നറിന്‍റെ ദീർഘായുസ് ഉറപ്പുനൽകുന്നുവെന്നും കാലാവസ്ഥാ വ്യതിയാനം കണ്ടെയ്‌നറിനെ ബാധിക്കില്ലെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മുംബൈയിൽ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള ഗ്രാമങ്ങളിലെ പരമാവധി കർഷകരിലേക്ക് ഈ പദ്ധതി എത്തിക്കുക എന്നതാണ് ഹൈടെക് ബയോ സൊല്യൂഷൻസിന്‍റെ ദീർഘകാല ലക്ഷ്യം.

ഫോൺ:

രാജാഗോപാലൻ നായർ

98232 18849, 72762 18849

Trending

No stories found.

Latest News

No stories found.