

പുനെ അന്താരാഷ്ട്ര ചലച്ചിത്രമേള
മുംബൈ:24-ാമത് പുനെ അന്താരാഷ്ട്ര ചലച്ചിത്രമേള ജനുവരി 15 മുതല്‍ 22 വരെ നടക്കും. പുണെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും സംയുക്തമായി ദാദാസാഹേബ് ഫാല്‍ക്കെ ചിത്രനഗരി മുംബൈയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ മേളയില്‍ വിവിധരാജ്യങ്ങളില്‍നിന്നുള്ള 140-ലധികം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
പുണെ സേനാപതി ബാപ്പട്ട് റോഡിലെ പവലിയന്‍ മാളിലെ പിവിആര്‍ ഐക്കണ്‍ (ആറു സ്‌ക്രീനുകള്‍), യൂണിവേഴ്സിറ്റി റോഡിലുള്ള ഇ-സ്‌ക്വയര്‍ ( മൂന്ന് സ്‌ക്രീനുകള്‍), ലോ കോളേജ് റോഡിലുള്ള നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ ( ഒരുസ്‌ക്രീന്‍) എന്നീ മൂന്ന് തിയേറ്ററുകളിലെ 10 സ്‌ക്രീനുകളിലായാണ് ചലച്ചിത്രമേള നടക്കുക. www.piffindia.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
ജനുവരി അഞ്ചുമുതല്‍ എല്ലാ തിയേറ്ററുകളിലും രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴുവരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന്‍ ഫീസ് 800 രൂപയാണ്. സംവിധായകനും നടനും ചലച്ചിത്ര നിര്‍മാതാവുമായ ഗുരുദത്തിന്റെ ജന്മശതാബ്ദിയാണ് ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ പ്രമേയം.
പൗലോ സൊറെന്‍റിനോ സംവിധാനം ചെയ്ത 'ലാ ഗ്രാസിയ' എന്ന ഇറ്റാലിയന്‍ ചിത്രമാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. ജിം ജാര്‍മുഷ് സംവിധാനം ചെയ്ത 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍' എന്ന ചിത്രമാണ് സമാപന ചിത്രം.
പ്രമുഖരടങ്ങുന്ന അന്താരാഷ്ട്ര ജൂറി തിരഞ്ഞെടുക്കുന്ന മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിന് മേളയുടെ സമാപനച്ചടങ്ങില്‍ 10 ലക്ഷം രൂപ സമ്മാനമായുള്ള 'മഹാരാഷ്ട്ര സര്‍ക്കാര്‍ സന്ത് തുക്കാറാം ബെസ്റ്റ് ഇന്‍റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്' നല്‍കും.