
മുംബൈയിൽ ഗണേശ നിമജ്ജന ചടങ്ങിനിടെ വൈദ്യുതി കമ്പിയിൽ തട്ടി അപകടം; ഷോക്കേറ്റ് ഒരാൾ മരിച്ചു, 5 പേർക്ക് പരുക്ക്
മുംബൈ: മുംബൈയിൽ ഞായറാഴ്ച നടന്ന ഗണപതി നിമജ്ജന ചടങ്ങിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ഗണപതി വിഗ്രഹത്തിൽ വൈദ്യുത വയർ തട്ടിയാണ് അപകടമുണ്ടായത്.
നിമജ്ജന ഘോഷയാത്രയ്ക്കിടെ, തൂങ്ങിക്കിടക്കുന്ന ഒരു വൈദ്യുത വയർ വിഗ്രഹത്തിൽ സ്പർശിച്ചു, ഇതിൽ നിന്നും ആറ് പേർക്ക് ഷോക്കേൽക്കുകയും ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ 36 കാരനായ ബിനു സുകുമാരൻ എന്നയാളാണ് മരിച്ചത്. പരുക്കേറ്റ മറ്റ് അഞ്ച് പേർ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഗണേശ ചതുർഥി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടാണ് ഗണേശ വിഗ്രഹ നിമജ്ജനത്തിനായുള്ള 'വിസർജന ഘോഷയാത്ര' ആരംഭിച്ചു. അനന്ത ചതുർഥി ദിനത്തിൽ അവസാനിക്കുന്ന ഗണേശ ചതുർഥി ഉത്സവത്തിന്‍റെ പത്താം ദിവസമാണ് 'ഗണപതി വിസർജനം' ആചരിക്കുന്നത്. ഇതിനായി നിരവധി ആളുകളാണ് ഒത്തു കൂടിയിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്.