
മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ 100 റോബോട്ടുകള്‍ വരുന്നു!!
representative image
മുംബൈ: സംസ്ഥാനത്തെ മാന്‍ഹോളുകള്‍ വൃത്തിക്കാന്‍ ഇനി മുതല്‍ മുതല്‍ റോബോട്ടുകളെ ഉപയോഗിക്കും. മഹാരാഷ്ട്രയില്‍ സമീപകാലത്തായി മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ ചിലര്‍ മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 റോബോട്ടുകളെ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സമൂഹിക നീതി വകുപ്പ് മന്ത്രി സഞ്ജയ് ഷിര്‍സാഠ് പറഞ്ഞു.
മുംബൈ, പൂനെ, പര്‍ഭനി, സത്താറ, ഷിരൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ആള്‍നൂഴി വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളികള്‍ മരിച്ചിരുന്നു. 2021-നും 2024-നുമിടയില്‍ സംസ്ഥാനത്ത് 18 ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി നടത്തിയ ഓഡിറ്റില്‍ ഒട്ടേറെ പാളിച്ചകള്‍ കണ്ടെത്തിയിരുന്നു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരോ കരാറുകാരോ സുരക്ഷാ പ്രോട്ടക്കോളുകള്‍ പാലിച്ചല്ല തൊഴിലാളികളെക്കൊണ്ട് ശുചീകരണ പ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്നത് എന്നതായിരുന്നു ഇതില്‍ പ്രധാനം.
തൊഴിലാളികള്‍ക്ക് സംരക്ഷണ ഉപകരണങ്ങള്‍ നല്‍കുന്നില്ലെന്നും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ആള്‍നൂഴി ശുചീകരണത്തിന് റോബോട്ടുകളെ ഉപയോഗിക്കുക ആദ്യ ഛത്രപതി സംഭാജിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലായിരിക്കും. അവിടെ ഒരു മാസത്തെ പരീക്ഷണം നടത്തുമെന്നും വിജയിച്ചാല്‍ സംസ്ഥാനത്തുടനീളം അത്തരം 100 റോബോട്ടുകള്‍ പുറത്തിറക്കും സര്‍ക്കാര്‍ വ്യക്തമാക്കി. മാലിന്യം വൃത്തിയാക്കുന്നതിന് പുറമെ മാലിന്യത്തിന്‍റെ സ്വഭാവമനുസരിച്ച് വേര്‍തിരിക്കുകയും ചെയ്യും.