പന്ത്രണ്ടാം മലയാളോത്സവത്തിന് തിരശീല വീണു

സാഹിത്യകാരന്‍ കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍ ആണ് സമാപനസമ്മേള നത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്
പന്ത്രണ്ടാം മലയാളോത്സവത്തിന് തിരശീല വീണു

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പന്ത്രണ്ടാം മലയാളോത്സവത്തിന്‍റെ കലാശക്കൊട്ടായ കേന്ദ്രതല സമാപനം ഫെബ്രുവരി 11, ഞായറാഴ്ച വൈകീട്ട് ബോയ്സറിലെ (താരാപ്പൂര്‍) ടിമ ഹാളില്‍ വച്ച് നടന്നു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പത്ത് മേഖലകളില്‍ നിന്നുള്ളവര്‍ സമാപനത്തില്‍ പങ്കെടുത്തു. മലയാള ഭാഷാ പ്രചാരണ സംഘം പാല്‍ഘര്‍ മേഖല പ്രസിഡന്റ്‌ ബാബുരാജന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി രാജന്‍ നായര്‍ സ്വാഗതമാശംസിച്ചു.

സാഹിത്യകാരന്‍ കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍ ആണ് സമാപനസമ്മേള നത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.വര്‍ഗ്ഗനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാഷകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.മലയാള ഭാഷ നശിക്കുന്നതിനെ ചെറുക്കാനും പുറം നാട്ടിലെ പുതിയ തലമുറയ്ക്ക് മാതൃഭാഷയും സംസ്കാരവും പരിചയപ്പെടുത്താനും വേണ്ടി മലയാള ഭാഷാ പ്രചാരണ സംഘം പോലെയുള്ള സംഘടനകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.

‘ലിറ്റിൽ ലാംമ്പ് ചാരിറ്റബിളി’ന്‍റെ സാരഥിയും ഡീഡെക്കർ ബിസിനസ്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്‍റും ആയ ബെന്നി ജോസഫ്, മലയാള ഭാഷാ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ റീന സന്തോഷ്, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ പ്രസിഡന്‍റ് ആർ.ഡി.ഹരികുമാർ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്‌ സംസാരിച്ചു.

മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖലയുടെ പ്രസിദ്ധീകരണമായ “കൈരളി”യുടെ വാർഷിക പതിപ്പ് ആദ്യപ്രതി ആർ.ഡി.ഹരികുമാറിന് നല്‍കിക്കൊണ്ട് ബെന്നി ജോസഫ് പ്രകാശനം ചെയ്തു. മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മുഖപത്രം “കേരളം വളരുന്നു” വിശേഷാല്‍ പതിപ്പിന്‍റെ പ്രകാശനം ആദ്യ പ്രതി മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ കണ്‍വീനര്‍ ജീവരാജന് നല്‍കിക്കൊണ്ട് കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍ നിര്‍വഹിച്ചു. “കൈരളി” പത്രാധിപര്‍ മുരളീധരന്‍ വലിയവീട്ടിലും “കേരളം വളരുന്നു” പത്രാധിപര്‍ ഗിരിജാവല്ലഭനും അതാത് പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

കെ.പവിത്രന്‍ (ജോയിന്റ് സെക്രട്ടറി, കേരള പീപ്പ്ള്‍സ് എജുകേഷന്‍ സൊസൈറ്റി), രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍), ജോഷി തയ്യിൽ (പ്രസിഡൻറ്, താരാപ്പൂർ മലയാളി സമാജം), ബാബുരാജൻ നായർ (പ്രസിഡന്റ്‌, നവോദയ സാംസ്കാരിക സംഘടന), ജീവരാജന്‍ (കണ്‍വീനര്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍) അനിൽ പ്രകാശ് (കണ്‍വീനര്‍, പന്ത്രണ്ടാം മലയാളോത്സവം), പി. രാമചന്ദ്രന്‍ (ട്രെഷറര്‍, മലയാള ഭാഷാ പ്രചാരണ സംഘം) എന്നിവരും വേദി പങ്കിട്ടു.

ഡിസംബര്‍ 17 ന് നടന്ന കേന്ദ്ര മലയാളോത്സവത്തില്‍ വിജയികളായ വര്‍ക്കുള്ള പുരസ്കാര സമര്‍പ്പണവും നടന്നു. 258 പോയിന്റ്‌ നേടിയ കല്യാണ്‍-ഡോംബിവലി മേഖല ടീം അംഗങ്ങള്‍ മുഖ്യാതിഥിയില്‍ നിന്ന് ചാമ്പ്യന്‍ ഷിപ്‌ ട്രോഫി ഏറ്റുവാങ്ങി. വസായ്-വീറാര്‍ മേഖല ടീം അംഗങ്ങള്‍ റണ്ണര്‍ അപ്പ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.

വിവിധ മേഖലകളിലെ കലാകാരന്മാരും കലാകാരികളും വര്‍ണ്ണശബളമായ കലാപരിപാടികള്‍ അവതരിപ്പിച്ചു. പാല്‍ഘര്‍ മേഖല സെക്രട്ടറി അഡ്വ. മിനി എസ്. നായര്‍ നന്ദി പ്രകാശിപ്പിച്ചു. കെ.എസ്. മോഹന്‍കുമാര്‍ അവതാരകനായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com