

വിവാഹം കഴിക്കാൻ 21 വയസ് തികയണമെന്ന് വീട്ടുകാർ; 19 കാരൻ ജീവനൊടുക്കി
file image
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ 19 കാരൻ ജീവനൊടുക്കി. 21 വയസ് പൂർത്തിയായ ശേഷം വിവാഹം കഴിപ്പിച്ചു നൽകാമെന്ന് കുടുംബം അറിയിച്ചതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. നവംബർ 30 ന് ഡോംബിവ്‌ലി പ്രദേശത്തായിരുന്നു സംഭവം.
ജാർഖണ്ഡ് സ്വദേശിയായ യുവാവ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പ്രണയിനിയെ വിവാഹം കഴിക്കാൻ യുവാവ് ആഗ്രഹിച്ചിരുന്നെങ്കിലും പുരുഷന്മാരുടെ വിവാഹ പ്രായം 21 വയസായതിനാൽ അതു വരെ കാത്തിരിക്കാൻ കുടുംബം ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ മനോവിഷമത്തിലായ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കുടുംബം ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.