മന്ദിരസമിതി ബാലവേദി ക്യാമ്പ് ശ്രദ്ധേയമായി

മൂന്ന് ദിവസം പുതിയൊരു ലോകം തീര്‍ത്ത് കുട്ടികള്‍
Mandira Samithi Balavedi Camp Draws Attention

ശ്രീനാരായണ മന്ദിരസമിതി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നെരൂള്‍ ഗുരുദേവഗിരിയില്‍ സംഘടിപ്പിച്ച സഹവാസ ക്യാംപില്‍ കുട്ടികള്‍ ചര്‍ച്ച നടത്തുന്നു

Updated on: 

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നെരൂള്‍ ഗുരുദേവഗിരിയില്‍ നടത്തിയ ബാലവേദി സഹവാസ ക്യാമ്പ് കുട്ടികള്‍ക്ക് വേറിട്ടൊരനുഭവമായി. മൊബൈല്‍ ഫോണില്ലാതെ, വീട്ടില്‍ നിന്ന് മാറി പുതിയൊരു ലോകത്തിലാണ് കുട്ടികള്‍ മൂന്ന് ദിവസം കഴിഞ്ഞത്. പുലര്‍ച്ചെ 5 മണിക്ക് ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ നടത്തി 6 മണിക്ക് തന്നെ കൃത്യതയോടെ പ്രാര്‍ഥനാ ഹാളിലേക്ക് എത്തുകയും തുടര്‍ന്ന് ഒരു മണിക്കൂര്‍ പ്രാര്‍ത്ഥനയും ധ്യാനവും യോഗായുമായായിരുന്നു ക്യാമ്പിന്റെ ആരംഭം.

പങ്കെടുത്ത കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചിരുന്നു. എല്ലാ കുട്ടികളും ഓരോ ഗ്രൂപ്പ് പരിപാടിയിലും പങ്കെടുത്തു. കളിച്ചും ചിരിച്ചും പഠിച്ചും കാര്യങ്ങള്‍ തുറന്ന് പറയാന്‍ പഠിച്ചു. പരസ്പരം കണ്ണുകളില്‍ നോക്കി സംവദിച്ചു സൗഹൃദത്തിന്റെ പുതിയ നാമ്പുകള്‍ മുളച്ചു. ഒരുമിച്ച് ഭക്ഷണം കഴിച്ചും കളിച്ചും പ്രാര്‍ത്ഥിച്ചും അവര്‍ കുടുംബാംഗങ്ങളായി.

സമിതി പ്രസിഡന്റ് എം.ഐ. ദാമോദരന്‍, ജനറല്‍ സെക്രട്ടറി ഒ. കെ. പ്രസാദ്, ക്യാമ്പിന്റെ മുഖ്യ ആചാര്യന്‍ വിജയലാല്‍ നെടുംകണ്ടം എന്നിവര്‍ പങ്കെടുത്ത സമാപന സമ്മേളനത്തില്‍ കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ക്യാമ്പിൽ പങ്കെടുത്തതിലൂടെ മടിയും നാണവും മാറി ആത്മവിശ്വാസം കൈവന്നതായി കുട്ടികള്‍ അഭിപ്രായപ്പെട്ടു. സമാപന സമ്മേളനത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നാടകം ക്യാമ്പിന്റെ സന്ദേശവും ഉദ്ദേശ ലക്ഷ്യങ്ങളും കാണികളിലേക്കു പകര്‍ന്നു നല്‍കി.

സമൂഹ നന്മ ലക്ഷ്യം വച്ച് ശ്രീനാരായണ മന്ദിരസമിതി നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് സമിതി പ്രസിഡന്‍റ് എം.ഐ. ദാമോദരന്‍ പറഞ്ഞു.