നവി മുംബൈ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ 3 പേർ മരിച്ചു | 3 from Malayali family die in Mumbai fire

സുന്ദർ, പൂജ, വേദിക

നവി മുംബൈ തീപിടിത്തം; മരിച്ചവരിൽ മലയാളി കുടുംബത്തിലെ 3 പേർ

ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്‍റെ പത്താം നിലയിൽ നിന്നു പടർന്ന തീ പതിനൊന്നും പന്ത്രണ്ടും നിലകളിലേക്കു വ്യാപിച്ചു. മൂവരും ഇതോടെ ഒറ്റപ്പെട്ടു പോവുകയായിരുന്നു.
Published on

മുംബൈ: നവി മുംബൈയിലെ വാശി സെക്റ്റർ 14ൽ വൻ തീപിടിത്തം. അപകടത്തിൽ മരിച്ച ആറു പേരിൽ മലയാളി കുടുംബത്തിലെ മൂന്നു പേരും ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറ് വയസുള്ള മകൾ വേദിക എന്നിവരാണു മരിച്ച മലയാളികൾ. ടയർ വ്യവസാരംഗത്ത് പ്രവർത്തിക്കുന്ന സുന്ദറും ഭാര്യ പൂജയും മുംബൈയിൽ ജനിച്ചു വളർന്നവരാണ്.

തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. 5 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

രാഹേജ കെട്ടിട സമുച്ചയത്തിന്‍റെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ പതിനൊന്നും പന്ത്രണ്ടും നിലകളിലേക്കു തീ പടർന്നു. ചുറ്റും തീ പടർന്നതോടെ മൂന്നംഗ മലയാളി കുടുംബം ഫ്ലാറ്റിൽ കുടുങ്ങിപ്പോവുകയായിരുന്നു.

വാശി മുനിസിപ്പൽ ആശുപത്രിയിൽ മൂന്നു പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി, ഉച്ചയോടെ തന്നെ മാതാപിതാക്കൾ താമസിക്കുന്ന ഫ്ലാറ്റിൽ കൊണ്ടുവന്നു. ചൊവ്വാഴ്ച വൈകിട്ട് തുർഭേ ഹിന്ദു ശ്മശാനത്തിൽ സംസ്കരിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം. വാശി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com