

ബിഎംസി തെരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്ന് മലയാളികള്‍
മുംബൈ : രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോര്‍പറേഷനായ ബിഎംസിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മലയാളികള്‍ വീണ്ടും വിജയിച്ചു. ധാരാവിയില്‍ 185 ാം വാര്‍ഡില്‍നിന്നുള്ള മുന്‍ കോര്‍പ്പറേറ്ററും ശിവസേന ഉദ്ധവ് വിഭാഗം നേതാവുമായ ജഗദീഷ് തൈവളപ്പില്‍, ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകല പിള്ള, അന്ധേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മെഹര്‍ മുഹ്‌സില്‍ ഹൈദര്‍ എന്നിവരാണ് വീണ്ടും സിറ്റിങ് വാര്‍ഡുകളില്‍ വിജയിച്ചത്.
4200 വോട്ടിന്‍റെ വന്‍ഭൂരിപക്ഷത്തിലാണ് ജഗദീഷ് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് കാലഘട്ടത്തിലും പിന്നീടും ധാരാവിയില്‍ നടത്തിയ വ്യാപകമായ ജനകീയ സേവന പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ തന്റെ വിജയത്തിന്റെ മുഖ്യഘടകമായി മാറിയതെന്ന് ജഗദീഷ് പറഞ്ഞു. ജഗദീഷ് തൈ വളപ്പില്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. ശിവസേന ഉദ്ധവ് വിഭാഗത്തോടുള്ള വിശ്വാസ്യതയും രാഷ്ട്രീയ സ്ഥിരതയും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന പ്രധാനഘടകങ്ങളാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജഗദീഷിന്റെ നേതൃത്വത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്.
ഗോരേഗാവിലെ 57 വാര്‍ഡില്‍നിന്ന് 3700 വോട്ടുകള്‍ക്കാണ് ശ്രീകല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2017ലും ഇതേ വാര്‍ഡില്‍നിന്ന് ബിജെപി ടിക്കറ്റില്‍ അവര്‍ മത്സരിച്ച് വിജയിച്ചിരുന്നു. ഗോരേഗാവില്‍നിന്ന് അഞ്ച് തവണയായി 25 വര്‍ഷം നഗരസഭാംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.ആര്‍ പിള്ളയുടെ മകളാണ്. ആറ്റിങ്ങലാണ് കുടുംബവീട്.
അന്ധേരിലെ 66ാം വാര്‍ഡില്‍ നിന്നാണ് മെഹര്‍ മുഹ്സിന്‍ ഹൈദര്‍ വിജയിച്ചത്. 7200 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.കാസര്‍ഗോഡ് ചെറുവത്തൂരാണ് നാട്.