യാത്രാരേഖകളില്ലാതെ കുവൈറ്റിൽ നിന്നെത്തിയ 3 തമിഴ്നാട്ടുകാർ മുബൈയിൽ പിടിയിൽ

ഇവർ മത്സ്യത്തൊഴിലാളികളാണെന്നും ജനുവരി 28 ന് കുവൈറ്റിൽ നിന്ന് പുറപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു
യാത്രാരേഖകളില്ലാതെ കുവൈറ്റിൽ നിന്നെത്തിയ  3 തമിഴ്നാട്ടുകാർ മുബൈയിൽ പിടിയിൽ

മുംബൈ: യാത്രാരേഖകളില്ലാതെ കുവൈറ്റിൽ നിന്നും കന്യാകുമാരിയിലേക്കു ബോട്ടിൽ യാത്ര ചെയ്യവേ മുംബൈ തീരത്തിനടുത്ത് 3 തമിഴ്നാട് സ്വദേശികൾ പിടിയിൽ. യെല്ലോ ഗേറ്റ് പൊലീസ് സ്‌റ്റേഷനിലെ പട്രോളിംഗ് ബോട്ടായ ചൈത്രാലിയിലെ ജീവനക്കാരാണ് ചൊവ്വാഴ്ച രാവിലെ കുവൈത്തിൽ നിന്നും മത്സ്യബന്ധന ബോട്ടിൽ കന്യാകുമാരിയിലേക്കുള്ള യാത്ര മദ്ധ്യേ മുംബൈ തീരത്തിനടുത്ത് മൂന്ന് പേരെ പിടികൂടിയത്. നിത്‌സോ ഡിറ്റോ (31), ജെ സയ്യന്ത അനീഷ് (32), എൻഫന്‍റ് വിജയ് വിനയ് ആന്‍റണി (32) എന്നിവരാണ് പിടിക്കപ്പെട്ട തമിഴ് നാട് സ്വദേശികൾ.ഇവർ പ്രൊഫഷണൽ മത്സ്യത്തൊഴിലാളികളാണെന്നും ജനുവരി 28 ന് കുവൈറ്റിൽ നിന്ന് പുറപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു.

ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ഏകദേശം നാല് നോട്ടിക്കൽ മൈൽ അകലെയുള്ള പ്രോങ്‌സ് ലൈറ്റ്‌ഹൗസിൽ തീരദേശ പൊലീസ് ഇവരെ തടഞ്ഞ് കൊളാബ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. “തങ്ങൾ കന്യാകുമാരിയിൽ നിന്നുള്ളവരാണെന്നും കുവൈറ്റിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവരാണെന്നും ഇവർ അവകാശപ്പെട്ടു. രണ്ടുവർഷമായി ശമ്പളമോ സ്ഥിരമായി ഭക്ഷണമോ നൽകാത്തതിനാൽ അവർ അവിടെ നിന്ന് ഓടിപ്പോകാൻ തീരുമാനിച്ചു".പോർട്ട് സോൺ ഡിസിപി സഞ്ജയ് ലത്കർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇവരുടെ പാസ്‌പോർട്ടുകളും തൊഴിലുടമകൾ കണ്ടുകെട്ടിയെന്നും ഒരു ജിപിഎസ് ഉപകരണത്തിന്‍റെ സഹായത്തോടെ അവർ യാത്ര തിരിക്കുകയായിരുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ തീരത്ത് എത്താൻ 9 ദിവസമെടുത്ത ഇവരെ വിശദമായി പരിശോധിച്ച് കൊളാബപൊലീസിന് കൈമാറി. മുംബൈയിലേക്കുള്ള വഴിയിൽ തങ്ങളെ രണ്ടുതവണ പരിശോധിച്ചതായി മൂവരും അവകാശപ്പെട്ടു".ലേക്കാർ പറഞ്ഞു.

“ഇംഗ്ലീഷോ ഹിന്ദിയോ ശരിയായി സംസാരിക്കാത്തതിനാൽ അവർക്ക് ശരിയായ ഉത്തരം നൽകാൻ കഴിയുന്നില്ല. അവർക്കെതിരെ എന്തെങ്കിലും നടപടി എടുക്കേണ്ടതുണ്ടോ എന്നും ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ രാജ്യത്ത് ആവശ്യമായ രേഖകളോ മറ്റോ ഇല്ലാതെ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും അവർ യഥാർത്ഥത്തിൽ ഇരകളാണ്.എന്നിരുന്നാലും ഞങ്ങൾ അവരെ ചോദ്യം ചെയ്യുകയാണ്”.കൊളാബപൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം ഇതൊരു സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപെടുന്നത്. പ്രത്യേകിച്ച് 26/11ലെ ഭീകരാക്രമണത്തിന് ശേഷം ഈ പ്രദേശത്ത് ഏരിയൽ പട്രോളിംഗ്, കപ്പലുകൾ എന്നിവ ഉപയോഗിച്ച് കടലുകളിൽ നന്നായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയേന്ന് അധികൃതർ എല്ലായ്പ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നിട്ടും ഈ ബോട്ട് കുവൈറ്റിൽ നിന്ന് മുംബൈയ്ക്ക് ഇത്രയധികം അടുത്തെത്തുന്നത് എങ്ങനെയെന്ന ചോദ്യം ബാക്കിയാകുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com