മുംബൈ: നഗരത്തിൽ 'ദഹി ഹണ്ടി' ആഘോഷത്തിൽ പങ്കെടുത്ത 41 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വൈകുന്നേരം 6 മണിവരെയുള്ള കണക്കുകൾ മാത്രമാണ് ഇത്. പരിക്കേറ്റ 'ഗോവിന്ദകളെ' ചികിത്സയ്ക്കായി അടുത്തുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. പരിക്കേറ്റ 41 പേരിൽ 8 പേർ ആശുപത്രിയിലാണെന്നും 26 പേർ ഒപിഡിയിൽ ചികിത്സയിൽ ആണെന്നും അധികൃതർ അറിയിച്ചു. അതേസമയം 7 പേർ ആവശ്യമായ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നും ബിഎംസി അറിയിച്ചു.
ഭഗവാൻ കൃഷ്ണന്‍റെ ജന്മദിനം (ജന്മാഷ്ടമി) ആഘോഷിക്കുന്നതിന്‍റെ ഭാഗമായമാണ് "ദഹി ഹണ്ടി" ഉത്സവം നടത്തപ്പെടുന്നത്. ദഹി ഹണ്ടിക്ക് സാക്ഷ്യം വഹിക്കാൻ മുംബൈയിലെയും താനെയിലെയും നിരവധി സ്ഥലങ്ങളിൽ നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയിരുന്നത്. ദഹി ഹണ്ടിയുടെ ഭാഗമായി സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനുമായി 11,000-ലധികം ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. സോണുകളിലെ എല്ലാ ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും റീജിയണുകളുടെ അഡീഷണൽ പോലീസ് കമ്മീഷണർമാരും പൊലീസ് സ്റ്റേഷനുകളിലെ കോൺസ്റ്റബുലറി, ഇൻസ്‌പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് മേൽനോട്ടം വഹിക്കാനും നടപ്പിലാക്കാനും രംഗത്തുണ്ടാകും.