മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പക്ഷത്തെ ആറ് എം.എല്‍.എമാര്‍ ശരദ് പവാർ പക്ഷത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

മുംബൈയില്‍ വച്ചാണ് ശരത് പവാറും നിയമസഭാ സാമാജികരും നേരില്‍കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം
മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പക്ഷത്തെ ആറ് എം.എല്‍.എമാര്‍ ശരദ് പവാർ പക്ഷത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
Updated on

മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാര്‍ എന്‍.സി.പി എം.എല്‍.എമാര്‍ ശരദ് പവാർ വിഭാഗത്തിലേക്ക് കൂടുമാറാന്‍ നീക്കം നടത്തുന്നതായി സൂചന. ശരത് പവാര്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷവുമായി അജിത് പക്ഷത്തെ ആറ് എം.എല്‍.എമാര്‍ ബന്ധപ്പെട്ടു കഴിഞ്ഞെന്നാണു വിവരം. എന്‍.സി.പി ശരത് പവാര്‍ പക്ഷം സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീലുമായി എം.എല്‍.എമാര്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വരുന്നു.വര്‍ഷകാല നിയമസഭാ സമ്മേളനത്തിനിടെഈ പുതിയ രാഷ്ട്രീയനീക്കം എൻ ഡി എ മുന്നണിക്ക് തിരിച്ചടി ആയേക്കും.

മുംബൈയില്‍ വച്ചാണ് ശരത് പവാറും നിയമസഭാ സാമാജികരും നേരില്‍കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം അജിത് പവാര്‍ പക്ഷത്തെ ഒരു മുതിര്‍ന്ന നേതാവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആറ്എം.എല്‍.എമാരുമായും അജിത് പവാര്‍ സംസാരിക്കുന്നുണ്ട്. ഇവരെ ഒപ്പംനിര്‍ത്താന്‍ ശ്രമം തുടരുകയാണെന്നാണു മുതിര്‍ന്ന നേതാവ് വെളിപ്പെടുത്തിയത്. ഈ എം.എല്‍.എമാരും ആരൊക്കെയാണെന്ന് ഇരുവിഭാഗത്തിനും വ്യക്തമായിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സതാര ജില്ലയിലെ ഒരു എം.എല്‍.എ, പൂനെയില്‍നിന്ന് ഒരാള്‍, അഹ്‌മദ്‌നഗറില്‍നിന്നുള്ള മറ്റൊരാള്‍ എന്നിവര്‍ എന്‍.സി.പി ശരത് പവാര്‍ ജയന്ത് പാട്ടീലുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയെന്നാണു സൂചന.

ഇതിനുശേഷം നാസികില്‍നിന്നുള്ള മൂന്ന് എം.എല്‍.എമാരും മറ്റിടങ്ങളിലായി ജയന്ത് പാട്ടീലുമായി കൂടിക്കാഴ്ച നടത്തി.പുതിയ നീക്കം അജിത് പവാര്‍ പക്ഷത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ മറുപക്ഷത്തേക്കു തിരിച്ചുപോകുമെന്ന ഭീതി നേതാക്കള്‍ക്കുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെയാണ് മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയനീക്കം നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പി ശരത് പവാര്‍ പക്ഷം മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ അജിത് പവാര്‍ പക്ഷത്തിനു തിരിച്ചടിയേറ്റിരുന്നു. ഇതിനു പിന്നാലെ തന്നെ അജിത് പവാര്‍ പക്ഷം എം.എല്‍.എമാര്‍ ഔദ്യോഗിക വിഭാഗത്തെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്താന്‍ നീക്കം നടത്തുന്ന എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ ശരത് പവാര്‍ പക്ഷത്തിനു നിലവില്‍ ശക്തരായ മറ്റു സ്ഥാനാര്‍ഥികളില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

Trending

No stories found.

Latest News

No stories found.