ശിവസേന വീണ്ടും പിളരുന്നു; ഉദ്ധവിനെ 6 എംപിമാര്‍ കൈവിട്ടേക്കും

ഓപ്പറേഷന്‍ ടൈഗര്‍ മഹാരാഷ്ടയില്‍ വിജയത്തിലേക്ക്

6 MPs may abandon Uddhav

ഉദ്ധവിനെ 6 എംപിമാര്‍ കൈവിട്ടേക്കും

Updated on

മുംബൈ: ശിവസേന ഉദ്ധവ് വിഭാഗം വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന. 9 എംപിമാരില്‍ 6 പേരാണ് ഉദ്ധവ് താക്കറെയെ കൈ വിട്ട് സ്വന്തം ഗ്രൂപ്പുമായി മുന്നോട്ട് പോകുന്നത്. ശിവസേന ഷിന്‍ഡെ വിഭാഗവുമായി കൈ കോര്‍ത്തേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിസും ആദ്യഘട്ടത്തില്‍ സഭാ സമ്മേളനം ആരംഭിക്കുമ്പോള്‍ ഇവര്‍ സ്വന്തമായി ഇരിപ്പിടം ആവശ്യപ്പെട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം

ഓപ്പറേഷന്‍ ടൈഗര്‍ എന്ന് പേരിലാണ് ശിവസേനയെ പിളര്‍ത്തുന്നത്. ഉദ്ധവ് പക്ഷത്തെ 9 എംപിമാരില്‍ 7 പേരും തങ്ങളുടെ മണ്ഡലങ്ങളിലെ വികസനം മുന്‍നിര്‍ത്തി ഷിന്‍ഡെയുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് പുറമെ 16 എംഎല്‍എമാരും തങ്ങളുമായി സമ്പര്‍ക്കത്തിലുണ്ടെന്നും ഷിന്‍ഡെ പക്ഷത്തെ എംഎല്‍സി കൃപാല്‍ തുമേനെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയുടെ ഭാവി ഇരുളടഞ്ഞതാണെന്നും 2029 ഓടെ ഈ പാര്‍ട്ടി പൂര്‍ണ്ണമായും അവസാനിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് നിരുപം പരിഹസിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ താഴെത്തട്ടിലുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷിച്ചാണ് ആളുകള്‍ എത്തുന്നതെന്ന് ശിവസേന നേതാവ് ഷൈന എന്‍സി പ്രതികരിച്ചു.

അതേസമയം, ഈ വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് ഉദ്ധവ് പക്ഷത്തെ മുതിര്‍ന്ന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് തള്ളിപ്പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ എല്ലാ എംപിമാരും പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, താന്‍ പാര്‍ട്ടിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കിയ ഉദ്ധവ് പക്ഷത്തെ ഷിര്‍ഡി എംപി ഭാവുസാഹേബ് വക്ചൗരെ നാളത്തെ കാര്യം പ്രവചിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് അഭ്യൂഹങ്ങള്‍ക്ക് ബലം പകര്‍ന്നിരുന്നു.

ഈ മാസം 22ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പേ പാര്‍ട്ട പിളര്‍ന്നേക്കും. എംഎല്‍എമാരില്‍ ഒരു വിഭാഗവും ഉദ്ധവിനെ കൈ വിട്ടേക്കും.തൃണമൂലിന് പിന്നാലെ ഉദ്ധവ് താക്കറെ വിഭാഗത്തിലും പിളര്‍പ്പ് ഉണ്ടാകുന്നതോടെ ഇന്ത്യാ സഖ്യം കൂടുതല്‍ ദുര്‍ബലമാകും.

logo
Metro Vaartha
www.metrovaartha.com