സൈബര്‍ത്തട്ടിപ്പില്‍ കുരുങ്ങി 80 കാരന് നഷ്ടമായത് 9 കോടി രൂപ

തട്ടിപ്പിനിരയായെന്ന് അറിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം
Elderly man loses Rs 9 crore in cyber fraud

സൈബര്‍ത്തട്ടിപ്പില്‍ കുരുങ്ങി വയോധികന് നഷ്ടമായത് 9 കോടി രൂപ

file
Updated on

മുംബൈ: സൈബര്‍ത്തട്ടിപ്പില്‍ പെട്ടു പോയ വയോധികന് നഷ്ടമായത് 9 കോടി രൂപ. പ്രണയത്തിന്‍റെയും സഹതാപത്തിന്‍റെയും പേരില്‍ നാല് സ്ത്രീകളുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ഈ നാലുപേരും ഒരാള്‍ തന്നെയാകാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.

2023 ഏപ്രിലില്‍ ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഫെയ്സ്ബുക്കില്‍ കണ്ട ഷര്‍വി എന്ന സ്ത്രീക്ക് ഇദ്ദേഹം ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു, ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കപ്പെട്ടുമില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഷര്‍വിയുടെ അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹത്തിന് ഒരു ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു, അത് അദ്ദേഹം സ്വീകരിച്ചു. പെട്ടെന്നുതന്നെ ചാറ്റിങ് ആരംഭിച്ചു. ഫോണ്‍ നമ്പറുകള്‍ കൈമാറി.

സംഭാഷണം ഫെയ്‌സ്ബുക്കില്‍ നിന്ന് വാട്സാപ്പിലേക്ക് മാറി. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികളോടൊപ്പമാണ് ജീവിക്കുന്നതെന്നും ഷര്‍വി 80-കാരനോട് പറഞ്ഞു. പതിയെ, തന്‍റെ കുട്ടികള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് അവര്‍ ഇയാളോട് പണം ചോദിക്കാന്‍ തുടങ്ങി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, കവിത എന്നൊരു സ്ത്രീയും ഇദ്ദേഹത്തിന് വാട്സാപ്പില്‍ മെസേജ് അയയ്ക്കാന്‍ തുടങ്ങി. താന്‍ ഷര്‍വിയുടെ പരിചയക്കാരിയാണെന്നും, താങ്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വയം പരിചയപ്പെടുത്തി. താമസിയാതെ, അവര്‍ ഇദ്ദേഹത്തിന് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാനും പണം ചോദിക്കാനും തുടങ്ങി.

ആ വര്‍ഷം ഡിസംബറില്‍, ഷര്‍വിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ദിനാസ് എന്ന മറ്റൊരു സ്ത്രീയില്‍ നിന്നും ഇദ്ദേഹത്തിന് സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. ഷര്‍വി മരിച്ചുവെന്നും ആശുപത്രി ബില്ലുകള്‍ അടയ്ക്കാന്‍ സഹായിക്കണം എന്നും പറഞ്ഞ് പണം ആവശ്യപ്പെട്ടു. പിന്നീട് ഷര്‍വിയും ഇദ്ദേഹവും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് ഭീഷണിപ്പെടുത്തിയും ദിനാസ് പണം വാങ്ങി.

തുടര്‍ന്ന് വയോധികന്‍റെ പക്കലുണ്ടായിരുന്ന പണം തീര്‍ന്നതോടെ മരുമകളോട് രണ്ട് ലക്ഷം രൂപ കടം വാങ്ങിയും തട്ടിപ്പുകാര്‍ക്ക് നല്‍കി. വീണ്ടും ഇവര്‍ പണം ആവശ്യപ്പെട്ടതോടെ 5 ലക്ഷം രൂപ മകനോട് കടം ചോദിച്ചു. തുടര്‍ന്ന് സംശയം തോന്നിയ മകന്‍ പിതാവിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നാലെയാണ് താന്‍ ഒരു സൈബര്‍ തട്ടിപ്പിലാണ് അകപ്പെട്ടതെന്ന് 80കാരൻ മനസിലാക്കിയത്.

തുടര്‍ന്ന് ദേഹാസ്വസ്ഥ്യം വന്ന വയോധികനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. രണ്ട് വര്‍ഷത്തിനിടെ ഏകദേശം 700ല്‍ അധികം പണമിടപാടുകളാണ് നടത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com