

ഭിവണ്ടിയില്‍ 9 ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിന് ഒപ്പം
മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി മുനിസിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് തിരിച്ചടി. ഒമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. മേയര്‍ സ്ഥാനത്തേക്ക് തഴയപ്പെട്ട ബിജെപി നേതാവ് നാരായണ്‍ ചൗധരിയുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ എതിര്‍പാളയത്തിലെത്തിയത്.
കോണ്‍ഗ്രസ്-എന്‍സിപി ശരദ് പവാര്‍ സഖ്യത്തിനൊപ്പം ചേര്‍ന്ന് നാരായണ്‍ ചൗധരി മേയര്‍ സ്ഥാനാര്‍ഥിയാകും. 90 അംഗ കോര്‍പറേഷന്‍ കൗണ്‍സിലില്‍ 30 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി.
ബിജെപിക്ക് 22, എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് 12, ശിവസേന 12, എസ്പി ആറ്, കൊണാര്‍ക് വികാസ് അഘാഡി ആറ്, ഭിവണ്ടി വികാസ് അഘാഡി നാല്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കൗണ്‍സിലര്‍മാരുടെ എണ്ണം. വെള്ളിയാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്.