
ബോംബെ ഹൈക്കോടതി
file image
മുംബൈ: ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ കൈവശമുള്ളതുകൊണ്ട് മാത്രം ഒരാള്‍ ഇന്ത്യന്‍ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് പിടിയിലായ ബംഗ്ലാദേശില്‍ നിന്നുള്ളയാളുടെ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജവും കെട്ടിച്ചമച്ചതുമായ രേഖകള്‍ ഉപയോഗിച്ച് പത്തുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ ആര്‍ക്കൊക്കെ ഇന്ത്യന്‍ പൗരനാകാമെന്നും എങ്ങനെ പൗരത്വം നേടാമെന്നും വ്യക്തമാക്കുന്നുണ്ട്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയവ കേവലം തിരിച്ചറിയല്‍ രേഖകള്‍ മാത്രമാണെന്നും ജസ്റ്റിസ് അമിത് ബോര്‍ക്കറുടെ ബെഞ്ച് വ്യക്തമാക്കി.