
മുംബൈ: വയോധികയായ സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ 27കാരനെ വഡാല പൊലീസ് അറസ്റ്റ് ചെയ്തു. 76 കാരിയായ സുഗ്രാബി ഹുസൈൻ മുല്ലയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം ഒക്ടോബർ 26 ന് മുംബൈ പോർട്ട് ട്രസ്റ്റിന് സമീപം കണ്ടെത്തിയിരുന്നു.
ഇതേ പ്രദേശത്ത് താമസിക്കുന്ന പ്രതി മുഹമ്മദ് ഫായിസ് റഫീഖ് സെയ്ദ് കൊല്ലപ്പെട്ട വയോധികയുടെ ആഭരണങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമം ചെറുത്തതിനെ തുടർന്നാണ് തല ഇരുമ്പ് വടികൊണ്ട് അടിച്ചതെന്ന് പോലീസ് പറഞ്ഞു.മൃതദേഹം പിന്നീട് ചാക്കിലാക്കി രാത്രിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു
ഇരയുടെ മുഖത്തും തലയിലും കൈമുട്ടിലും കാൽമുട്ടിലും മുറിവുകളുണ്ടെന്നും മുഖം പൂർണമായും പൊള്ളലേറ്റതിനാൽ മൃതദേഹം ആദ്യം തിരിച്ചറിയാൻ പ്രയാസമായിരുന്നെന്നും പൊലീസ് പറഞ്ഞു.
പിന്നീട്, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ, മുല്ല പ്രതിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടതായി പോലീസ് കണ്ടെത്തി. പ്രതിയെ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതി ഇരയെ ചായ കുടിക്കാൻ വീട്ടിൽ വിളിച്ചുവരുത്തിയെന്നും പിന്നീട് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച് തലയിൽ ഇടിക്കുകയും പിന്നീട് തീകൊളുത്തുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജയ് ലത്കർ പറഞ്ഞു