ധാരാവി ചേരി പുനരധിവാസ പദ്ധതിക്കു പിന്നാലെ ഗോരേഗാവില്‍ 36,000 കോടിയുടെ പദ്ധതി സ്വന്തമാക്കി അദാനി ഗ്രൂപ്പ്

മുംബൈയിലെ കണ്ണായ പ്രദേശങ്ങളെല്ലാം അദാനി ഗ്രൂപ്പിന് കൈ മാറുകയാണെന്ന ആക്ഷേപവും ഉയരുന്നു
Adani Group acquires Rs 36,000 crore project in Goregaon After Dharavi slum rehabilitation project

ഗൗതം അദാനി

Updated on

മുംബൈ: ധാരാവി ചേരി പുനര്‍വികസന പദ്ധതിക്ക് പിന്നാലെ മുംബൈയിലെ മോട്ടിലാല്‍ നഗറില്‍ 36,000 കോടി രൂപയുടെ പുനര്‍വികസന പദ്ധതിയും സ്വന്തമാക്കി അദാനി ഗ്രൂപ്പ്. ഏറ്റവും കൂടുതല്‍ തുക ലേലത്തില്‍ വിളിച്ചതിനാലാണ് അദാനി ഗ്രൂപ്പിന് പദ്ധതി അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും മുംബൈയുടെ വിവിധ ഭാഗങ്ങള്‍ അദാനിക്ക് തീറെഴുതി നല്‍കുകയാണെന്ന ആരോപണവുമായി ശിവസേന നേതാവ് ആദിത്യ താക്കറെയും രംഗത്തെത്തി.

ധാരാവി കഴിഞ്ഞാല്‍ മുംബൈയിലെ ഏറ്റവും വലിയ ഭവന പുനര്‍വികസന പദ്ധതികളില്‍ ഒന്നാണ് ഗോരേഗാവിന്‍റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള 143 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മോട്ടിലാല്‍ നഗറില്‍ അദാനി ഏറ്റെടുത്തിരിക്കുന്നത്ഏറ്റവും ഉയര്‍ന്ന ലേലത്തില്‍ പങ്കെടുത്തത് അദാനി പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എപിപിഎല്‍) ആണെന്നും അടുത്ത എതിരാളിയായ എല്‍ ആന്‍ഡ് ടി യെക്കാള്‍ കൂടുതല്‍ ബില്‍റ്റ്-അപ്പ് ഏരിയ വാഗ്ദാനം ചെയ്തതായുമാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്. മുംബൈയിലെ അദാനി ഗ്രൂപ്പിന്‍റെ രണ്ടാമത്തെ മെഗാ പുനര്‍വികസന പദ്ധതിയാണിത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളില്‍ ഒന്നായ ധാരാവിയുടെ പുനര്‍വികസനം അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. പ്രതിപക്ഷമായ മഹാവികാസ് അഘാഡി അധികാരത്തില്‍ എത്തിയാല്‍ അദാനി ഗ്രൂപ്പിനെ പദ്ധതിയില്‍ നിന്നൊഴിവാക്കുമെന്ന് വരെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ കണ്ണായ പ്രദേശങ്ങളെല്ലാം അദാനി ഗ്രൂപ്പിന് കൈ മാറുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ധാരാവി ചേരി പുനര്‍വികസന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ഗോരേഗാവിലെ പദ്ധതിയും അദാനി കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ധാരാവിയില്‍ അര ലക്ഷം വീടുകളുടെ സര്‍വേയും 80,000 വീടുകള്‍ക്ക് നമ്പറിടുന്നതും പൂര്‍ത്തിയാക്കി.ചേരിയുടെ പുനര്‍വികസനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി ഏകദേശം 3 ലക്ഷം കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ധാരാവി പുനര്‍വികസന പദ്ധതിയില്‍ ചേരിയിലെ രേഖകളുള്ള കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നല്‍കുന്നതിനൊപ്പം വാണിജ്യ ബിസ്‌നസ് സെന്‍ററുകള്‍ നിര്‍മിച്ച് വില്‍ക്കാനുള്ള സൗകര്യം അദാനിക്ക് ലഭിക്കും .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com