എല്‍ആന്‍ഡിയെ വീഴ്ത്തി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് 36000 കോടിയുടെ പദ്ധതി

ധാരാവിക്ക് പിന്നാലെ മോട്ടിലാല്‍ നഗറിന്‍റെ പുനര്‍നിര്‍മാണവും അദാനി ഗ്രൂപ്പിന്
Adani Group wins 36,000 crore project by defeating L&T
അദാനി ഗ്രൂപ്പ്
Updated on

മുംബൈ: ധാരാവിക്ക് പിന്നാലെ ഗോരേഗാവ് വെസ്റ്റിലെ 143 ഏക്കര്‍ വിസ്തൃതിയുള്ള മോട്ടിലാല്‍ നഗറിനെ ആധുനിക റെസിഡന്‍ഷ്യല്‍ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പുനര്‍നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.

36,000 കോടിയുടെ പദ്ധതിക്ക് മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡിവലപ്‌മെന്റ് അതോറിറ്റിയുമായി (മാഡ) അദാനി പ്രോപ്പര്‍ട്ടീസ് ആണ് ഔദ്യോഗികമായി ഒപ്പുവെച്ചത്. ഗോരേഗാവ് വെസ്റ്റിലെ വലിയ ചേരിപ്രദേശമാണിത്.

മോട്ടിലാല്‍ നഗറിന്‍റെ പുനര്‍വികസനത്തില്‍ 5.84 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് പുതിയ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ നിര്‍മിക്കും. 987ചതുരശ്രമീറ്റര്‍ സ്ഥലം വാണിജ്യാവശ്യത്തിനായി നീക്കിവെക്കും. എല്‍ ആന്‍ഡ് ടി വാഗ്ദാനം ചെയ്ത 2.6 ലക്ഷം ചതുരശ്രമീറ്റര്‍ ബില്‍ഡ്-അപ്പ് ഏരിയയെ മറികടന്ന് 3.97 ലക്ഷം ചതുരശ്ര മീറ്റര്‍ ബില്‍ഡ്-അപ്പ് ഏരിയ മാഡയ്ക്ക് വാഗ്ദാനം ചെയ്താണ് അദാനി പ്രോപ്പര്‍ട്ടീസ് കരാര്‍ സ്വന്തമാക്കിയത്. നിര്‍മാണം ആരംഭിച്ച് ഏഴ് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

മോട്ടിലാല്‍ നഗറില്‍ ഏകദേശം നാലായിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത് അദാനി ഗ്രൂപ്പ് നല്‍കുന്ന 3,97,100 ചതുരശ്രമീറ്റര്‍ സ്ഥലത്ത് മാഡ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. മികച്ച ടൗണ്‍ഷിപ്പായി അദാനി ഇവിടം വികസിപ്പിക്കും.

15 മിനിറ്റിനുള്ളില്‍ മുംബൈ നഗരത്തിലെവിടെയും ആളുകള്‍ക്ക് എത്താന്‍ കഴിയുന്നവിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടിലാല്‍ നഗറിന്റെ വികസനം ആസൂത്രണം ചെയ്യുകയെന്ന് മാഡ അധികൃതര്‍ പറഞ്ഞു.

സ്‌കൂളുകള്‍, ആശുപത്രി, പാര്‍ക്കുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിര്‍മിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com