
മുംബൈ: മരിച്ച മോഡലും നടനുമായ ആദിത്യ സിംഗ് രജ്പുതിൻ്റെ അന്ത്യകർമങ്ങൾ മുംബൈയിലെ ഓഷിവാര ശ്മശാനത്തിൽ നടന്നു. തിങ്കളാഴ്ചയാണ് ആദിത്യ സിംഗ് രജ്പുത്തിനെ അന്ധേരിയിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസുള്ള ആദിത്യ സിംഗിനെ പാചകക്കാരനും വാച്ച്മാനും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചൊവ്വാഴ്‌ച ഉച്ചയോടെ ആദിത്യയുടെ ശവസംസ്‌കാരം നടന്നു. അതേസമയം സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി. ഒഷിവാര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ഉത്തരാഖണ്ഡിൽ ജനിച്ച ആദിത്യ സിംഗ് വളർന്നതും പഠിച്ചതുമെല്ലാം ഡൽഹിയിലാണ്. സിനിമകൾക്കും ടെലിവിഷൻ ഷോകൾക്കും പുറമേ 125-ലധികം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.